Sunday, July 31, 2011

തിരുമുടിയിഴകളിലും ചിലതുണ്ട്

രിസാല വാരികയില്‍ ബഹു. അഹ്‌മദ് കുട്ടി ശിവപുരം എഴുതിയ പഠനാര്‍ഹവും പ്രൌഢവുമായ ലേഖനം.




നബി തിരുമേനിയുടെ (സ) ഉത്തമാവയവത്തില്‍ നിന്നുള്ളത് എന്ന് ചിലര്‍ക്ക് ഉറച്ച ബോധ്യമുള്ള തിരുശേഷിപ്പിന്റെ ഭാഗം നമ്മുടെ ദേശത്ത് എത്തിപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ വാഗ്വാദങ്ങള്‍ കേരളീയ മുസ്‌ലിം സമാജത്തില്‍ ആശ്വാസ്യമല്ലത്ത ധ്രുവീകരണത്തിന് വഴിയൊരുക്കുന്നത് ഖേദകരമാണ്. പരസ്‌പരം പഴിചാരാനും ഭിന്നിപ്പുണ്ടാക്കാനും തിരുകേശത്തെ നിമിത്തമാക്കുന്നതിലെ യുക്തിഭംഗം മതം പഠിച്ചവരാരും കാണുന്നില്ലല്ലോ എന്ന് ആശ്ചര്യപ്പെട്ടുപോകുന്നു; വേദനയോടെ. അതെ, വേദനയോടെ എന്നത് അടിവരയിടപ്പെടേണം. മരണശയ്യയില്‍ പോലും തന്റെ പ്രിയപ്പെട്ട സമൂഹത്തിന്റെ അവസ്ഥയെന്താകുമെന്ന് ഉല്‍കണ്ഠപ്പെട്ട തിരുഹൃദയത്തിന് തന്റേതായ മുടിനാരിഴകള്‍ ആ സമാജത്തില്‍ ഭിന്നതക്ക് ഹേതുകമായി ഭവിക്കുന്നു എന്നത് എങ്ങനെ താങ്ങാ‍നാകും? അതെ, തിരുനബിയെ (സ) വേദനിപ്പിക്കുന്നതില്‍ നമ്മള്‍ ഒരു പുണ്യകര്‍മ്മം ചെയ്യുന്നുവെന്ന പോലെ നിര്‍വൃതികൊള്ളുന്നു.

കൂടുതല്‍ വായനക്ക് താഴെയുള്ള സ്കാന്‍ കോപ്പികളില്‍ അമര്‍ത്തുക

















































































































































































































































































































































































































































































Sunday, July 24, 2011

ആനന്ദത്തിന്‍റെ വേരുകള്‍

ഒരിക്കല്‍ ഹസ്രത്ത് റാബിഅ വീടിന് മുന്നില്‍ ദീര്‍ഘ നേരം എന്തോ തിരയുന്നതു കണ്ട് ആളുകള്‍ കൂടി. സൂര്യന്‍ അസ്തമിച്ച്കൊണ്ടിരിക്കുകയായിരുന്നു. തിരയുന്നതെന്താണെന്ന് തിരക്കിയ നാട്ടുകാരോട് അവര്‍ തന്‍റെ സൂചി നഷ്ടപ്പെട്ട വിവരം പറഞ്ഞു. സൂചി നഷ്ടപ്പെട്ട കൃത്യ സ്ഥലം പറഞ്ഞാല്‍ തങ്ങളും തിരയാന്‍ കൂടാമെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ സൂചി നഷ്ടപെട്ടത് തന്‍റെ കുടിലിലാണെന്നും അവിടെ വെളിച്ചമില്ലാത്തതിനാല്‍ വെളിച്ചമുള്ള പുറത്ത് തിരയുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതു കേട്ട നാട്ടുകാര്‍ക്ക് ചിരിക്കാതിരിക്കാനായില്ല. ആ വിശുദ്ധ സ്ത്രീക്ക് താളം തെറ്റിത്തുടങ്ങിയെന്ന് അവര്‍ ഉറപ്പിച്ചു. ജനം പിരിഞ്ഞുപോകാന്‍ തുടങ്ങി.

പിരിഞ്ഞുതുടങ്ങിയ ജനത്തെ തിരിച്ചുവിളിച്ച് അവര്‍ പറഞ്ഞു. “ഞാന്‍ നിങ്ങളുടെ യഥാര്‍ത്ഥ അവസ്ഥയെ കാണിക്കുകയായിരുന്നു. നിങ്ങള്‍ ആനന്ദത്തിന് വേണ്ടി ലോകം മുഴുവന്‍ തിരയുകയാണ്. കാരണം മനുഷ്യന്‍റെ ഇന്ദ്രിയങ്ങളുടെ വെളിച്ചം മുഴുവന്‍ പുറത്തേക്കാണ്. കണ്ണും കാതും നാവുമെല്ലാം പുറം‌ലോകത്തെയാണ് കാണുന്നത്. ശൈശവത്തിലെ സമ്പൂര്‍ണ്ണ നിഷകളങ്കതയില്‍ ലഭിച്ചിരുന്ന ആനന്ദം എവിടെയാണ് നഷ്ടമായത് ? പരമാനന്ദത്തിന്‍റെ വേരുകള്‍ ഏത് സാഗരത്തിന്നടിയിലാണ് ? ഏത് കൊടുമുടിയുടെ ശിഖിരത്തിലാണ്. മനുഷ്യന്‍ അന്വേഷിച്ചലയുകയാണ്. ഉള്ളില്‍ വെളിച്ചമില്ലാത്തതിനാല്‍ അവന്‍ പുറത്തെ വെളിച്ചത്തില്‍ തിരഞ്ഞുതിരഞ്ഞു ജീവിതം തീര്‍ക്കുകയാണ്. നഷ്ടമായ ഉള്‍ത്തടത്തെ തിരിച്ചറിഞ്ഞ് അകത്തേക്ക് വെളിച്ചം വീശുക. അവിടെയാണ് ആനന്ദത്തിന്‍റെ വേരുകള്‍. പരമാനന്ദത്തിന്‍റെ രഹസ്യവും.”


*************


അഹന്തയുടെ രഹസ്യം.


ഒരു സൂഫീ കഥയുണ്ട്. ചക്രവര്‍ത്തിയായിരുന്ന നാദിര്‍ഷാ ഒരിക്കല്‍ പ്രാര്‍തഥിക്കുകയായിരുന്നു. അയല്‍‌രാജ്യത്തെ ആക്രമിച്ചുകീഴടക്കാനുള്ള പുറപ്പാടിലായിരുന്നു അദ്ദേഹം. അതിനാല്‍ പ്രഭാതത്തിനു മുമ്പേ പള്ളിയിലെത്തി പ്രാര്‍തഥന തുടങ്ങി. “ദൈവമേ ഞാന്‍ ആരുമല്ല. അങ്ങയുടെ ഒരു ഭൃത്യന്‍ മാത്രം. എന്നെ സഹായിക്കണേ. എന്‍റെ രാജ്യത്തെ വിജയിപ്പിക്കണേ... ഞാന്‍ ആരുമില്ലാത്തവനാണ്...” പ്രാര്‍ത്ഥന നീണ്ടുപോയി.

ആ സമയത്ത് തൊട്ട്ടുത്ത് ഒരു യാചകന്‍ വന്ന് പ്രാര്‍ത്ഥന തുടങ്ങി. “ദൈവമേ... ഞാന്‍ ആരുമല്ല , വെറുമൊരു യാചകന്‍ മാത്രം. എനിക്ക് വിശപ്പടക്കാനുള്ള വക തരേണമേ... ദൈവമേ ഞാന്‍ ആരുമില്ലാത്ത വെറുമൊരു യാചകനാണേ...”
ഇതു കേട്ട രാജാവിന് കലിയിളകി. ഉടന്‍ മന്ത്രിയെ വിളിപ്പിച്ചുപറഞ്ഞു. ആ യാചകനെ എടുത്ത് പുറത്തെറിയുക. ആരുമില്ലാത്തവന്‍ ഞാനാണ്. ഞാന്‍ പറയുന്നത് പോലെ പറയാന്‍ അയാള്‍ക്കെന്തവകാശം? ഞാനാണ് ആരുമില്ലാത്തവന്‍.
ദൈവത്തിനു മുന്നില്‍ വിനീതവിധേയമാകുന്ന പ്രാര്‍ത്ഥനാവചനത്തില്‍ പോലും ഒളിഞ്ഞിരിക്കുന്ന അഹന്ത ഇത്ര ശക്തമെങ്കില്‍ മനസ്സിനകത്തെ തെളിയാത്ത അഹന്തകള്‍ എത്ര ബീഭത്സമായിരിക്കും.

(സിദ്ദീഖ് മുഹമ്മദ് . ഇര്‍ഫാദ് മാഗസിന്‍ , ജൂണ്‍ 2006)

Sunday, April 18, 2010

മാതൃസ്നേഹത്തിന്റെ വിശുദ്ധി


മനുഷ്യ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും പരമപരിശുദ്ധമായ സ്നേഹം മാതൃസ്നേഹമാണ്. ഒന്നും ആഗ്രഹിക്കാതെ നല്‍കുന്ന പവിത്രമായ സ്നേഹം. ഒന്നും ഒരിക്കലും തിരിച്ചുനല്‍കി വീട്ടാനാവാത്ത അനശ്വര സ്നേഹത്തിന്റെ ഔദാര്യപൂര്‍ണ്ണിമയാണ് മാതൃസ്നേഹം. സ്വന്തം തലയെടുത്ത് ഓടുമ്പോള്‍ പോലും കാല്‍തട്ടി വീഴുന്ന മകന്റെ വേദനയോര്‍ത്ത് വിലപിക്കുന്ന മാതാവിനെയാണ് മാതൃസ്നേഹത്തിന്റെ പൂര്‍ണ്ണതയായി ഭാരതീയ പൈതൃകം പറഞ്ഞുതരുന്നത്.

ഉപമകളില്ലാത്ത സ്നേഹ സാഗരമാണ് മാതാവ്. ആകാശവും കടലുമൊന്നും ആ സ്നേഹത്തോട് സാമ്യപ്പെടുത്താനാവില്ല. അത്ര ഔന്നത്യമാര്‍ന്നതും അഗാധതയേറിയതുമാണ് മാതൃസ്നേഹം. മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗമെന്ന് പരിശുദ്ധ റസൂല്‍ (സ) പറഞ്ഞത് ആ സ്നേഹലാവണ്യത്തിന്റെ പാദസ്പര്‍ശം അത്രമാത്രം ഉയര്‍ന്നു നില്‍ക്കുന്നു എന്നതിന്റെ പ്രമാണമാണ്. ആ അനന്യ സവിശേഷതകള്‍ നോക്കി ഇങ്ങിനെ ചോദിച്ചുപോകുന്നു.
‘ഇത്ര നിര്‍മ്മലമായ
നിന്നില്‍ എങ്ങനെയാണ്
ഞാന്‍ പിറന്നത്?
ആ മഹദ്‌ഗുണങ്ങളൊന്നും
എന്നിലില്ലല്ലോ.........
നീ സമുദ്രത്തോളം
സ്നേഹം തരുമ്പോഴും
തുള്ളികള്‍ പോലും
തിരിച്ചുതരാനാവാത്തവന്‍ ഞാന്‍.
എന്നിട്ടും നീ
ആശ്ലേഷിക്കുന്നു.
എനിക്കായ് കണ്ണുനീര്‍ തൂകുന്നു.
ജന്മങ്ങള്‍ തന്നെ
തന്നാലും പകരമാവില്ലല്ലോ
നിന്റെ ഒരു തുള്ളി മിഴിനീരിന്.

(സിദ്ധിഖ് മുഹമ്മദ് , ഇര്‍ഫാ‍ദ് മാഗസിന്‍, ജനുവരി 2010)

Wednesday, August 19, 2009

സൌഹൃദത്തിന്റെ വിപഞ്ചിക


എത്ര തിരഞ്ഞെടുത്താ‍ലും തെറ്റിക്കൊണ്ടിരിക്കുന്നതാണ് സൌഹൃദത്തിലെ തിരഞ്ഞെടുപ്പ്. മനസ്സിനോട് വളരെ ചേര്‍ന്ന സുഹൃത്തുക്കളെന്ന് നാം കരുതുമ്പോഴും ഒരിക്കലും ചേരാത്ത ഗുണങ്ങള്‍ കണ്ട് നാം അകലേണ്ടിവരിക. വളരെ വ്യതിരിക്തമായ മനസ്സിന്റെ നിഗൂഢതയാവാം ഇതിന് കാരണം. എത്ര അറിഞ്ഞാലും തീരാത്ത ഓരോ പ്രപഞ്ചമാണ് ഓരോ മനുഷ്യനും. മന:ശാസ്‌ത്രത്തിന്റെ സാമാന്യവല്‍ക്കരണത്തിനെല്ലാം എത്രയോ അപ്പുറം . എത്രമാത്രം അന്യരാണ് ഓരോരുത്തരും.

പുറമേ കേള്‍ക്കുമ്പോള്‍ ഒരേ ഈണങ്ങളെന്ന് തോന്നുമ്പോഴും സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വളരെ വ്യത്യസ്തമായ രാഗത്തിലായിരിക്കും ശ്രുതിമൂട്ടൂന്നത്. ഇത് തിരിച്ചറിയുമ്പോഴോക്കും കാലം ഒത്തിരി കഴിയുകയും ബന്ധങ്ങളിലെ അകലം തുടങ്ങുകയും ചെയ്തിരിക്കും. അതിനാല്‍ എക്കാലവും സുഭഗമായ ബന്ധം നിലനില്‍ക്കാന്‍ പ്രയോഗവാദികള്‍ ഒരു വഴി പറയാറുണ്ട്. എത്ര അടുത്തിരിക്കുമ്പോഴും ഒരകലം സൂക്ഷിക്കുകയും അകന്നിരിക്കുമ്പോള്‍ അടുപ്പം നിലനിര്‍ത്തുകയും ചെയ്യുകയെന്നതാണത്. എന്നാല്‍ അടുപ്പത്തില്‍ അകലം സൂക്ഷിക്കുകയെന്നത് സ്നേഹലോകത്ത് പാപമായി പരിഗണിക്കപ്പെടുന്നു. സൌഹൃദത്തില്‍ എത്ര തിരിച്ചടികള്‍ ഉണ്ടായാലും സ്നേഹിച്ചുകൊണ്ടേയിരിക്കുകയെന്നതാണ് സ്നേഹമതം. കാരണം , നാം സ്നേഹിക്കുന്നത് ഒരു വ്യക്തിയെയല്ല. മറിച്ച് സ്നേഹരൂപനായ നാഥന്റെ ഒരു സര്‍ഗ്ഗ സൃഷ്ടിയെയാണ് . അതിനെ അവന്‍ പലവിധത്തില്‍ നമുക്ക് പാഠമായി, ജ്ഞാനമായി സം‌വിധാനിച്ചിരിക്കും. ഓരോ അടുപ്പവും , ഓരോ അകലവും നമുക്ക് ജീവിതവിഴിയിലെ പ്രകാശരേഖകളാണ്.

സൌഹൃദത്തിന്റെ വിപഞ്ചികയില്‍ എന്നും ആസ്വാദ്യകരമായ രാഗങ്ങള്‍ പിറവിയെടുക്കട്ടെ. എന്നെന്നും അവ നമുക്കും മറ്റുള്ളവര്‍ക്കും ആസ്വാദ്യകരമായി നിലനിര്‍ത്താന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

(ഇര്‍ഫാദ് മാഗസിന്‍, ആഗസ്റ്റ് 2009)

Sunday, August 2, 2009

നീലനാവുള്ള പശു


ലോകത്തിന്റെ അതീവദുര്‍ഗ്ഗമമായ ഭൂപാര്‍ശ്വത്തിലൊരിടത്ത് ഹരിതാഭമായ ഒരു ദ്വീപുണ്ട്. അവിടെ സുഗന്ധനിഷ്യന്ദിയായ നീലനാവുള്ള ഒരു പശു ഏകാന്തമായി ജീവിക്കുന്നു. പകലന്തിയോളം അത് ആ ദ്വീപിന്റെ പച്ചപ്പ് ഭക്ഷിച്ച് തടിയും കരുത്തും ആര്‍ജ്ജിച്ച് വളരുന്നു. ചേതോഹരിയാകുന്നു. വിശിഷ്ടയാകുന്നു. പക്ഷേ രാത്രിയാകുമ്പോള്‍ പശു അസ്വസ്ഥയാകും. ‘നാളെ എനിക്കു തീറ്റയായി ഒന്നും അവശേഷിക്കുന്നില്ലല്ലോ. നാളെ ഞാനെന്തു ഭക്ഷിക്കും’? ഈ ആധിയാല്‍ ഉല്‍ക്കണ്‌ഠ് പെരുകി ക്ഷീണിച്ച് ശോഷിച്ച് അതു മുടിനാരു പോലെയാകും.

ഉദയത്തില്‍ സമൃദ്ധമായ പത്രദളങ്ങള്‍ മൂടി അരയോളം ഉയര്‍ന്ന് നിറകതിര്‍ ചൂടിയ പച്ചപ്പിന്റെ വയലുകള്‍ പ്രത്യാഗമനം ചെയ്തിരിക്കും.അപ്പോള്‍ പശു ആര്‍ത്തിയോടെ ആ ഹരിതാഭയിലേക്കിറങ്ങി അത് തിന്നുമുടിക്കാന്‍ തുടങ്ങും. വീണ്ടും അതു തടിച്ചു കൊഴുക്കും. ശക്തയാകും. എന്നാല്‍ രാത്രി വന്നണയുമ്പോള്‍ പിന്നെയും അതിന്റെ വേവലാതി തുടങ്ങുകയായി. ‘ഹാ... എന്റെ ഭക്ഷണം തീര്‍ന്നു പോയല്ലോ.. നാളെയൊന്നും തിന്നാനില്ലല്ലോ.’ ഈ നീറുന്ന മനോവ്യഥയില്‍ വീണ്ടും അത് മെലിഞ്ഞ് എല്ലും തോലുമാകും.

പകലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഹരിതാഭകള്‍ ഭക്ഷിച്ച് പശു ആരോഗ്യപുഷ്ക്കലയാകുന്നതു പോലെ രാത്രികളില്‍ ‘നാളെ ഒന്നും തിന്നാനില്ലല്ലോ’ എന്ന ആധി പെരുകി അതിന്റെ ആരോഗ്യം ക്ഷയിക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവള്‍ക്കൊരിക്കലും മനസ്സിലാകുന്നില്ല ഇത്രയും കാലം തന്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്നത് ഒരേ ശ്വാദലമാണെന്ന്; തന്റെ ഭക്ഷണം തനിക്കൊരിക്കലും മുടങ്ങിയിട്ടില്ലെന്ന്. പിന്നെ ഉദ്വേഗത്തിന്റെയും വ്യഥയുടേയും കാര്യമെന്ത് ?

ഈ പശു ഐഹികദേഹിയും പകലില്‍ അതിനെ തടിച്ചു കൊഴുപ്പിക്കുകയും രാത്രിയില്‍ പിറ്റേന്നത്തെ ആഹാരത്തിന്റെ പേരില്‍ ഖിന്നയാക്കുകയും ചെയ്യുന്ന ഈ വയല്‍ ലോകവുമാകുന്നു.

(റൂമീകഥകള്‍ ടി. വി . അബ്ദുറഹ്മാന്‍,
സാംസ്കാരിക പൈതൃകം റൂമീ പതിപ്പ്)

Sunday, May 24, 2009

സൂഫിസം


ഗുരു പറഞ്ഞ ഒരു ഉപമയുണ്ട്. പരിശുദ്ധ റസൂല്‍ (സ) ഒരു ഓറഞ്ച് ചെടി നട്ടു. നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വരുന്ന അന്ത്യനാള്‍ വരെ വിസ്‌തൃതമായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയായിരുന്നു അത്. പുണ്യറസൂലിന്റെ (സ) കാലശേഷം വളര്‍ന്നുകൊണ്ടിരുന്ന ചെടിയില്‍ ഇലകളും പൂക്കളും വിടരാന്‍ തുടങ്ങി. ഇതുകണ്ട അന്നത്തെ യാഥാസ്ഥിതികര്‍ പറഞ്ഞു. തിരുനബി (സ) യുടെ കാലത്ത് ഇലയും പൂക്കളും ഉണ്ടായിരുന്നില്ല. ഒരു കമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇലകളും പൂക്കളും ബിദ്‌അത്താണ്. എല്ലാ ബിദ്‌അത്തും മാര്‍ഗ്ഗഭ്രം‌ശവും നരകത്തിലേക്കാണെന്ന ഹദീസും ഉദ്ധരിച്ചു.

വിശുദ്ധ നബി (സ) നട്ട ചെടിയുടെ സ്വാഭാവിക പരിണാമം മാത്രമാണിതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷെ ചെടിക്ക് വളരാതിരിക്കനാവില്ലല്ലോ. നൂറ്റാണ്ടുകള്‍ക്ക് ശേഷം ചെടിയില്‍ നിന്ന് അതിമധുരതരമായ പഴം വിരിയാന്‍ തുടങ്ങി. അപ്പോഴും യാഥാസ്ഥിതികര്‍ വാളെടുത്തു. തിരുനബി (സ) യുടെ കാലത്ത് ഇതു കേട്ടുകേള്‍വിപോലുമില്ല. പഴം വിഷമാണെന്നു വരെ പറഞ്ഞു. മാത്രമല്ല പഴം ഭുജിച്ചവരെ കാഫിറാക്കി. പഴത്തിന്റെ അനന്യമായ ആസ്വാദനത്തില്‍ ഉന്മത്തരായ ചിലരെ കൊലചെയ്യാന്‍ വരെ വിധിച്ചു. പിന്നീട് വന്നവര്‍ അതിവിശിഷ്ടമായ പഴത്തിന്റെ രഹസ്യതകളെ കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി. അവര്‍ പഴത്തെ എളുപ്പം ദഹിക്കുന്ന രൂപത്തില്‍ ജ്യൂസ് ആക്കി മാറ്റി.

യാഥാസ്ഥിതികര്‍ക്ക് ഇത് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. കമ്പ് മാത്രമുണ്ടായിരുന്നതിനെ വ്യാഖ്യാനിച്ച് ജ്യൂസ് കുടിച്ച് മതിമറക്കുന്നവര്‍. ഇവര്‍ എത്ര വഴിപിഴച്ചവര്‍. യാഥാസ്ഥിതികര്‍ ആരോപിച്ചു.

നൂറ്റാണ്ടുകള്‍ അത്യാധുനികമായ വികാസത്തിലേക്കും വിസ്‌തൃതിയിലേക്കും വഴിമാറിയപ്പോള്‍ പഴച്ചാറിനെ സംസ്ക്കരിച്ച് അതിന്റെ സത്ത മാത്രമെടുത്ത് ഗുളിക രൂപത്തിലാക്കി. ഇതിന്റെ രഹസ്യത ഗ്രഹിക്കാനാവാതെ ഖുര്‍‌ആനും ഹദീസും തന്നെയെടുത്ത് യാഥാസ്ഥിതികര്‍ ധൈഷണിക തലത്തില്‍ ആക്രമണം തുടങ്ങി.

പഴത്തിന്റെ സത്ത നുകര്‍ന്നവര്‍ പരമാനന്ദത്തിന്റെ ലോകത്ത് നിശ്ശബ്ദരാവുകയും ചെയ്തു.

ഹസന്‍ ബസ്‌രിയും ഇബ്രാഹിമുബ്നു അദ്‌ഹമും റാബിയ ബസരിയ്യയുമെല്ലാം ഇതില്‍ ആദ്യകാലത്ത് കണ്ണികളായവരില്‍ ചിലരാണ്. ദുന്നൂനില്‍ മിസ്‌രിയും, അബൂ യസീദ് ബിസ്താമിയുമെല്ലാം ഈ പഴത്തെ പകര്‍ന്നുകൊടുത്ത ആദ്യനൂറ്റാണ്ടിലെ പ്രമുഖരാണ്. ഹല്ലാജും നൂരിയും ഹമദാനിയുമെല്ലാം പഴത്തിന്റെ രുചിയില്‍ ഉന്മത്തരായതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടവരാണ്. പിന്നീട് ശൈഖ് ജീലാനിയും ശൈഖ് രിഫാ‌ഇയും തുടങ്ങി ഇബ്‌നു അറബിയും ഇമാം ഗസ്സാലിയും ശൈഖ് സര്‍‌ഹിന്ദിയും മുതല്‍ ആധുനിക കാലഘട്ടത്തിലെ ഔലിയാക്കള്‍ വരെ ഇതിന്റെ വക്താക്കളാണ്. അല്ലാഹു ആ വിശുദ്ധ പഴത്തിന്റെ രുചി ആസ്വദിക്കാന്‍ ഇവര്‍ക്കെല്ലാം അനുഗ്രഹം വര്‍ഷിച്ച പോലെ നമ്മിലും വര്‍ഷിക്കട്ടെ ആമീന്‍.

--------- ---------------------

സൌഹൃദത്തിന്റെ ലാവണ്യം
ഒരു മിസ്റ്റിക് കവിയുടെ കുറിപ്പ് : ഇന്ന് പ്രഭാതത്തില്‍ സ്നേഹനിധിയായ പക്ഷി എന്റെ സവിധത്തിലണഞ്ഞു. സ്നേഹപൂര്‍വ്വം എന്നെ നോക്കി പറഞ്ഞു. നിന്റെ സ്നേഹാതിരേകത്താല്‍ ഞാന്‍ ബന്ധിതയായിരിക്കുന്നു. എന്നോട് ഇത്തിരി കൂടി കാരുണ്യം കാണിക്കുക.

ഞാനെന്റെ പക്ഷിയെ സ്നേഹത്തില്‍ നിന്ന് സ്വതന്ത്രയാക്കി. ആകാശത്ത് അവള്‍ ചുറ്റിപ്പറന്നു. പറന്നു പറന്നുയര്‍ന്ന പക്ഷിക്ക് ഒടുവില്‍ ചിറകുകളില്ലാതായി.

സ്നേഹത്തിന്റെ ബന്ധനമായിരുന്നു ആകാശത്ത് വട്ടമിട്ടു പറക്കാന്‍ തുണയേകിയിരുന്ന ചിറകുകള്‍ എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവള്‍ നിലം പതിച്ചിരുന്നു. അതീതങ്ങളെ കാമിക്കുകയും വേദനയെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഉള്‍ത്തടത്തില്‍ ലാവണ്യമാര്‍ന്ന സൌഹൃദത്തിന്റെ പക്ഷികള്‍ ചിറകടിക്കുന്നുണ്ടാകും. അതില്‍ ദൈവസ്മരണ നിറയുമ്പോള്‍ മാത്രമാണ് അവക്ക് ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കാനാവുക.

സ്നേഹം പലപ്പോഴും സ്വയം അന്ധമാണ്. ദൈവസ്മരണയാണ് അതിന് മിഴികള്‍ നല്‍കുന്നത്. സൌഹൃദത്തിന്റെ വിശ്രുതമായ ആഴങ്ങള്‍ ശോഭാര്‍‌ദ്രമാക്കുന്ന സ്നേഹപ്രപഞ്ചം നോവുകള്‍ നല്‍കിക്കൊണ്ടിരിക്കും. ആ നോവുകളുടെ മുള്ളുകള്‍ക്കിടയിലാണ് അതിമനോഹരമായ പനിനീര്‍പ്പൂ വിരിയുന്നത്.

സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വിരഹസാന്ദ്രമായ രാഗങ്ങള്‍ പെയ്തിറങ്ങുമ്പോഴും ഒരു യൌഗികമായ നിസ്സം‌ഗതയോടെ നക്ഷത്രങ്ങളെ നോക്കാന്‍ പഠിക്കുക. ദിനേന ആകാശം മാറിവരുമ്പോഴും എത്ര ഉദാത്തമായാണ് നക്ഷത്രങ്ങള്‍ മന്ദഹസിക്കുന്നത്.

(സിദ്ദിഖ് മുഹമ്മദ്, ഇര്‍ഫാദ് മാഗസിന്‍, ഡിസമ്പര്‍ 2004)

Wednesday, May 13, 2009

വിജയത്തിലെ പരാജയവും പരാജയത്തിലെ വിജയവും



വിജയം പോലെ
പരാജിതമായ മറ്റൊന്നില്ലെന്ന് ജ്ഞാനികള്‍ പറയുന്നു. പരാജയത്തിനകത്തെ വിജയത്തെ തിരിച്ചറിയണമെങ്കില്‍ ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചിരിക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് പരാജയപ്പെട്ടുകൊടുക്കലാണ് വിജയം. സാങ്കേതികമായ അര്‍ത്ഥത്തില്‍ ജയവും തോല്‍‌വിയും നിര്‍ണയിക്കാമെങ്കിലും ആത്യന്തികാര്‍ത്ഥത്തില്‍ ആപേക്ഷികവും ക്ഷണികവുമാണ് വിജയവും പരാജയവും. മക്കാവിജയത്തില്‍ ശത്രുക്കളായിരുന്നവരെ മുഴുവന്‍ വകവരുത്താനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും നിരുപാധികം മാപ്പുനല്‍‌കുകയായിരുന്നു വിജയത്തിന്റെ പൊരുളറിഞ്ഞ വിശുദ്ധ നബി (സ).

യുദ്ധത്തില്‍ പരാജിതനായ ഫ്രഞ്ച് ഭരണാധികാരി നൊപ്പോളിയന്‍ ബോണാപ്പാര്‍ട്ട് സെന്റ് ഹെലീനാ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. അതുവരെ പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത നെപ്പോളിയന്‍ ശത്രുക്കളുടെ മുന്നില്‍ പരാജയപ്പെട്ടതോടെയാണ് ആ ദ്വീപിലെ തടവുകാരനായത്. പ്രഭാതത്തില്‍ നെപ്പോളിയന്‍ തന്റെ ഡോക്ടറോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. വയല്‍ വരമ്പിലൂടെയായിരുന്നു നടത്തം. അപ്പോള്‍ എതിര്‍വശത്ത്നിന്നും ഒരു കര്‍ഷകസ്ത്രീ തലയില്‍ പുല്ലുകെട്ടുമായി നടന്നുവരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ചക്രവര്‍ത്തിക്ക് വേണ്ടി വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഡോക്ടര്‍ ഓടിപ്പോയി ആ സ്ത്രീയോട് പറയുകയായിരുന്നു. അപ്പോള്‍ തന്നെ അത് തടഞ്ഞ് കൊണ്ട് മഹാനായ നെപ്പോളിയന്‍ ആ കര്‍ഷകസ്ത്രീക്ക് വേണ്ടി വഴിമാറിക്കൊടുത്തു. ചക്രവര്‍ത്തിക്കുവേണ്ടി ഒരായിരങ്ങള്‍ വഴിമാറുന്നതില്‍ അസാധാരണത്വമില്ല. എന്നാല്‍ ഇന്നും നെപ്പോളിയനെ ഓര്‍ക്കുന്ന വിജയനിമിഷമായി ആ കര്‍ഷകസ്ത്രീക്കുവേണ്ടി വഴിമാറിയത് ചരിത്രം കുറിച്ചുവെക്കുന്നു.

(സിദ്ധിഖ് മുഹമ്മദ് , ഇര്‍ഫാ‍ദ് മാഗസിന്‍, ഏപ്രില്‍ 2009)