ലോകത്തിന്റെ അതീവദുര്‍ഗ്ഗമമായ ഭൂപാര്‍ശ്വത്തിലൊരിടത്ത് ഹരിതാഭമായ ഒരു ദ്വീപുണ്ട്. അവിടെ സുഗന്ധനിഷ്യന്ദിയായ നീലനാവുള്ള ഒരു പശു ഏകാന്തമായി ജീവിക്കുന്നു. പകലന്തിയോളം അത് ആ ദ്വീപിന്റെ പച്ചപ്പ് ഭക്ഷിച്ച് തടിയും കരുത്തും ആര്‍ജ്ജിച്ച് വളരുന്നു. ചേതോഹരിയാകുന്നു. വിശിഷ്ടയാകുന്നു. പക്ഷേ രാത്രിയാകുമ്പോള്‍ പശു അസ്വസ്ഥയാകും. ‘നാളെ എനിക്കു തീറ്റയായി ഒന്നും അവശേഷിക്കുന്നില്ലല്ലോ. നാളെ ഞാനെന്തു ഭക്ഷിക്കും’? ഈ ആധിയാല്‍ ഉല്‍ക്കണ്‌ഠ് പെരുകി ക്ഷീണിച്ച് ശോഷിച്ച് അതു മുടിനാരു പോലെയാകും.
ഉദയത്തില്‍ സമൃദ്ധമായ പത്രദളങ്ങള്‍ മൂടി അരയോളം ഉയര്‍ന്ന് നിറകതിര്‍ ചൂടിയ പച്ചപ്പിന്റെ വയലുകള്‍ പ്രത്യാഗമനം ചെയ്തിരിക്കും.അപ്പോള്‍ പശു ആര്‍ത്തിയോടെ ആ ഹരിതാഭയിലേക്കിറങ്ങി അത് തിന്നുമുടിക്കാന്‍ തുടങ്ങും. വീണ്ടും അതു തടിച്ചു കൊഴുക്കും. ശക്തയാകും. എന്നാല്‍ രാത്രി വന്നണയുമ്പോള്‍ പിന്നെയും അതിന്റെ വേവലാതി തുടങ്ങുകയായി. ‘ഹാ... എന്റെ ഭക്ഷണം തീര്‍ന്നു പോയല്ലോ.. നാളെയൊന്നും തിന്നാനില്ലല്ലോ.’ ഈ നീറുന്ന മനോവ്യഥയില്‍ വീണ്ടും അത് മെലിഞ്ഞ് എല്ലും തോലുമാകും.
പകലുകളില്‍ ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്ന ഹരിതാഭകള്‍ ഭക്ഷിച്ച് പശു ആരോഗ്യപുഷ്ക്കലയാകുന്നതു പോലെ രാത്രികളില്‍ ‘നാളെ ഒന്നും തിന്നാനില്ലല്ലോ’ എന്ന ആധി പെരുകി അതിന്റെ ആരോഗ്യം ക്ഷയിക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവള്‍ക്കൊരിക്കലും മനസ്സിലാകുന്നില്ല ഇത്രയും കാലം തന്‍ ഭക്ഷിച്ചു കൊണ്ടിരിക്കുന്നത് ഒരേ ശ്വാദലമാണെന്ന്; തന്റെ ഭക്ഷണം തനിക്കൊരിക്കലും മുടങ്ങിയിട്ടില്ലെന്ന്. പിന്നെ ഉദ്വേഗത്തിന്റെയും വ്യഥയുടേയും കാര്യമെന്ത് ?
ഈ പശു ഐഹികദേഹിയും പകലില്‍ അതിനെ തടിച്ചു കൊഴുപ്പിക്കുകയും രാത്രിയില്‍ പിറ്റേന്നത്തെ ആഹാരത്തിന്റെ പേരില്‍ ഖിന്നയാക്കുകയും ചെയ്യുന്ന ഈ വയല്‍ ലോകവുമാകുന്നു.
(റൂമീകഥകള്‍ ടി. വി . അബ്ദുറഹ്മാന്‍,
സാംസ്കാരിക പൈതൃകം റൂമീ പതിപ്പ്)
No comments:
Post a Comment