Sunday, May 24, 2009

സൂഫിസം


ഗുരു പറഞ്ഞ ഒരു ഉപമയുണ്ട്. പരിശുദ്ധ റസൂല്‍ (സ) ഒരു ഓറഞ്ച് ചെടി നട്ടു. നൂറ്റാണ്ടുകള്‍ കൊണ്ട് വളര്‍ന്നു വരുന്ന അന്ത്യനാള്‍ വരെ വിസ്‌തൃതമായിക്കൊണ്ടിരിക്കുന്ന ഒരു ചെടിയായിരുന്നു അത്. പുണ്യറസൂലിന്റെ (സ) കാലശേഷം വളര്‍ന്നുകൊണ്ടിരുന്ന ചെടിയില്‍ ഇലകളും പൂക്കളും വിടരാന്‍ തുടങ്ങി. ഇതുകണ്ട അന്നത്തെ യാഥാസ്ഥിതികര്‍ പറഞ്ഞു. തിരുനബി (സ) യുടെ കാലത്ത് ഇലയും പൂക്കളും ഉണ്ടായിരുന്നില്ല. ഒരു കമ്പ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇലകളും പൂക്കളും ബിദ്‌അത്താണ്. എല്ലാ ബിദ്‌അത്തും മാര്‍ഗ്ഗഭ്രം‌ശവും നരകത്തിലേക്കാണെന്ന ഹദീസും ഉദ്ധരിച്ചു.

വിശുദ്ധ നബി (സ) നട്ട ചെടിയുടെ സ്വാഭാവിക പരിണാമം മാത്രമാണിതെന്ന് മനസ്സിലാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. പക്ഷെ ചെടിക്ക് വളരാതിരിക്കനാവില്ലല്ലോ. നൂറ്റാണ്ടുകള്‍ക്ക് ശേഷം ചെടിയില്‍ നിന്ന് അതിമധുരതരമായ പഴം വിരിയാന്‍ തുടങ്ങി. അപ്പോഴും യാഥാസ്ഥിതികര്‍ വാളെടുത്തു. തിരുനബി (സ) യുടെ കാലത്ത് ഇതു കേട്ടുകേള്‍വിപോലുമില്ല. പഴം വിഷമാണെന്നു വരെ പറഞ്ഞു. മാത്രമല്ല പഴം ഭുജിച്ചവരെ കാഫിറാക്കി. പഴത്തിന്റെ അനന്യമായ ആസ്വാദനത്തില്‍ ഉന്മത്തരായ ചിലരെ കൊലചെയ്യാന്‍ വരെ വിധിച്ചു. പിന്നീട് വന്നവര്‍ അതിവിശിഷ്ടമായ പഴത്തിന്റെ രഹസ്യതകളെ കുറിച്ച് ഗവേഷണം നടത്താന്‍ തുടങ്ങി. അവര്‍ പഴത്തെ എളുപ്പം ദഹിക്കുന്ന രൂപത്തില്‍ ജ്യൂസ് ആക്കി മാറ്റി.

യാഥാസ്ഥിതികര്‍ക്ക് ഇത് ഒട്ടും ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ല. കമ്പ് മാത്രമുണ്ടായിരുന്നതിനെ വ്യാഖ്യാനിച്ച് ജ്യൂസ് കുടിച്ച് മതിമറക്കുന്നവര്‍. ഇവര്‍ എത്ര വഴിപിഴച്ചവര്‍. യാഥാസ്ഥിതികര്‍ ആരോപിച്ചു.

നൂറ്റാണ്ടുകള്‍ അത്യാധുനികമായ വികാസത്തിലേക്കും വിസ്‌തൃതിയിലേക്കും വഴിമാറിയപ്പോള്‍ പഴച്ചാറിനെ സംസ്ക്കരിച്ച് അതിന്റെ സത്ത മാത്രമെടുത്ത് ഗുളിക രൂപത്തിലാക്കി. ഇതിന്റെ രഹസ്യത ഗ്രഹിക്കാനാവാതെ ഖുര്‍‌ആനും ഹദീസും തന്നെയെടുത്ത് യാഥാസ്ഥിതികര്‍ ധൈഷണിക തലത്തില്‍ ആക്രമണം തുടങ്ങി.

പഴത്തിന്റെ സത്ത നുകര്‍ന്നവര്‍ പരമാനന്ദത്തിന്റെ ലോകത്ത് നിശ്ശബ്ദരാവുകയും ചെയ്തു.

ഹസന്‍ ബസ്‌രിയും ഇബ്രാഹിമുബ്നു അദ്‌ഹമും റാബിയ ബസരിയ്യയുമെല്ലാം ഇതില്‍ ആദ്യകാലത്ത് കണ്ണികളായവരില്‍ ചിലരാണ്. ദുന്നൂനില്‍ മിസ്‌രിയും, അബൂ യസീദ് ബിസ്താമിയുമെല്ലാം ഈ പഴത്തെ പകര്‍ന്നുകൊടുത്ത ആദ്യനൂറ്റാണ്ടിലെ പ്രമുഖരാണ്. ഹല്ലാജും നൂരിയും ഹമദാനിയുമെല്ലാം പഴത്തിന്റെ രുചിയില്‍ ഉന്മത്തരായതിന്റെ പേരില്‍ കൊലചെയ്യപ്പെട്ടവരാണ്. പിന്നീട് ശൈഖ് ജീലാനിയും ശൈഖ് രിഫാ‌ഇയും തുടങ്ങി ഇബ്‌നു അറബിയും ഇമാം ഗസ്സാലിയും ശൈഖ് സര്‍‌ഹിന്ദിയും മുതല്‍ ആധുനിക കാലഘട്ടത്തിലെ ഔലിയാക്കള്‍ വരെ ഇതിന്റെ വക്താക്കളാണ്. അല്ലാഹു ആ വിശുദ്ധ പഴത്തിന്റെ രുചി ആസ്വദിക്കാന്‍ ഇവര്‍ക്കെല്ലാം അനുഗ്രഹം വര്‍ഷിച്ച പോലെ നമ്മിലും വര്‍ഷിക്കട്ടെ ആമീന്‍.

--------- ---------------------

സൌഹൃദത്തിന്റെ ലാവണ്യം
ഒരു മിസ്റ്റിക് കവിയുടെ കുറിപ്പ് : ഇന്ന് പ്രഭാതത്തില്‍ സ്നേഹനിധിയായ പക്ഷി എന്റെ സവിധത്തിലണഞ്ഞു. സ്നേഹപൂര്‍വ്വം എന്നെ നോക്കി പറഞ്ഞു. നിന്റെ സ്നേഹാതിരേകത്താല്‍ ഞാന്‍ ബന്ധിതയായിരിക്കുന്നു. എന്നോട് ഇത്തിരി കൂടി കാരുണ്യം കാണിക്കുക.

ഞാനെന്റെ പക്ഷിയെ സ്നേഹത്തില്‍ നിന്ന് സ്വതന്ത്രയാക്കി. ആകാശത്ത് അവള്‍ ചുറ്റിപ്പറന്നു. പറന്നു പറന്നുയര്‍ന്ന പക്ഷിക്ക് ഒടുവില്‍ ചിറകുകളില്ലാതായി.

സ്നേഹത്തിന്റെ ബന്ധനമായിരുന്നു ആകാശത്ത് വട്ടമിട്ടു പറക്കാന്‍ തുണയേകിയിരുന്ന ചിറകുകള്‍ എന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവള്‍ നിലം പതിച്ചിരുന്നു. അതീതങ്ങളെ കാമിക്കുകയും വേദനയെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ ഉള്‍ത്തടത്തില്‍ ലാവണ്യമാര്‍ന്ന സൌഹൃദത്തിന്റെ പക്ഷികള്‍ ചിറകടിക്കുന്നുണ്ടാകും. അതില്‍ ദൈവസ്മരണ നിറയുമ്പോള്‍ മാത്രമാണ് അവക്ക് ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് പറക്കാനാവുക.

സ്നേഹം പലപ്പോഴും സ്വയം അന്ധമാണ്. ദൈവസ്മരണയാണ് അതിന് മിഴികള്‍ നല്‍കുന്നത്. സൌഹൃദത്തിന്റെ വിശ്രുതമായ ആഴങ്ങള്‍ ശോഭാര്‍‌ദ്രമാക്കുന്ന സ്നേഹപ്രപഞ്ചം നോവുകള്‍ നല്‍കിക്കൊണ്ടിരിക്കും. ആ നോവുകളുടെ മുള്ളുകള്‍ക്കിടയിലാണ് അതിമനോഹരമായ പനിനീര്‍പ്പൂ വിരിയുന്നത്.

സൌഹൃദത്തിന്റെ വിപഞ്ചികയില്‍ വിരഹസാന്ദ്രമായ രാഗങ്ങള്‍ പെയ്തിറങ്ങുമ്പോഴും ഒരു യൌഗികമായ നിസ്സം‌ഗതയോടെ നക്ഷത്രങ്ങളെ നോക്കാന്‍ പഠിക്കുക. ദിനേന ആകാശം മാറിവരുമ്പോഴും എത്ര ഉദാത്തമായാണ് നക്ഷത്രങ്ങള്‍ മന്ദഹസിക്കുന്നത്.

(സിദ്ദിഖ് മുഹമ്മദ്, ഇര്‍ഫാദ് മാഗസിന്‍, ഡിസമ്പര്‍ 2004)

No comments: