Wednesday, May 13, 2009

വിജയത്തിലെ പരാജയവും പരാജയത്തിലെ വിജയവും



വിജയം പോലെ
പരാജിതമായ മറ്റൊന്നില്ലെന്ന് ജ്ഞാനികള്‍ പറയുന്നു. പരാജയത്തിനകത്തെ വിജയത്തെ തിരിച്ചറിയണമെങ്കില്‍ ജ്ഞാനത്തിന്റെ പ്രകാശം ലഭിച്ചിരിക്കണം. വിജയിക്കുമെന്ന് ഉറപ്പുള്ളിടത്ത് പരാജയപ്പെട്ടുകൊടുക്കലാണ് വിജയം. സാങ്കേതികമായ അര്‍ത്ഥത്തില്‍ ജയവും തോല്‍‌വിയും നിര്‍ണയിക്കാമെങ്കിലും ആത്യന്തികാര്‍ത്ഥത്തില്‍ ആപേക്ഷികവും ക്ഷണികവുമാണ് വിജയവും പരാജയവും. മക്കാവിജയത്തില്‍ ശത്രുക്കളായിരുന്നവരെ മുഴുവന്‍ വകവരുത്താനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും നിരുപാധികം മാപ്പുനല്‍‌കുകയായിരുന്നു വിജയത്തിന്റെ പൊരുളറിഞ്ഞ വിശുദ്ധ നബി (സ).

യുദ്ധത്തില്‍ പരാജിതനായ ഫ്രഞ്ച് ഭരണാധികാരി നൊപ്പോളിയന്‍ ബോണാപ്പാര്‍ട്ട് സെന്റ് ഹെലീനാ ദ്വീപിലേക്ക് നാടുകടത്തപ്പെട്ടു. അതുവരെ പരാജയം എന്തെന്നറിഞ്ഞിട്ടില്ലാത്ത നെപ്പോളിയന്‍ ശത്രുക്കളുടെ മുന്നില്‍ പരാജയപ്പെട്ടതോടെയാണ് ആ ദ്വീപിലെ തടവുകാരനായത്. പ്രഭാതത്തില്‍ നെപ്പോളിയന്‍ തന്റെ ഡോക്ടറോടൊപ്പം നടക്കാനിറങ്ങിയതായിരുന്നു. വയല്‍ വരമ്പിലൂടെയായിരുന്നു നടത്തം. അപ്പോള്‍ എതിര്‍വശത്ത്നിന്നും ഒരു കര്‍ഷകസ്ത്രീ തലയില്‍ പുല്ലുകെട്ടുമായി നടന്നുവരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ചക്രവര്‍ത്തിക്ക് വേണ്ടി വഴിയില്‍ നിന്ന് മാറിനില്‍ക്കാന്‍ ഡോക്ടര്‍ ഓടിപ്പോയി ആ സ്ത്രീയോട് പറയുകയായിരുന്നു. അപ്പോള്‍ തന്നെ അത് തടഞ്ഞ് കൊണ്ട് മഹാനായ നെപ്പോളിയന്‍ ആ കര്‍ഷകസ്ത്രീക്ക് വേണ്ടി വഴിമാറിക്കൊടുത്തു. ചക്രവര്‍ത്തിക്കുവേണ്ടി ഒരായിരങ്ങള്‍ വഴിമാറുന്നതില്‍ അസാധാരണത്വമില്ല. എന്നാല്‍ ഇന്നും നെപ്പോളിയനെ ഓര്‍ക്കുന്ന വിജയനിമിഷമായി ആ കര്‍ഷകസ്ത്രീക്കുവേണ്ടി വഴിമാറിയത് ചരിത്രം കുറിച്ചുവെക്കുന്നു.

(സിദ്ധിഖ് മുഹമ്മദ് , ഇര്‍ഫാ‍ദ് മാഗസിന്‍, ഏപ്രില്‍ 2009)

No comments: