Monday, May 11, 2009

സ്നേഹത്തിന്റെ സ്വര്‍ഗ്ഗവാതിലുകള്‍


സ്നേഹത്തില്‍ നിന്നാണ് സൌഹൃദമുണ്ടാകുന്നത്. സൌഹൃദം പിന്നീട് സാഹോദര്യത്തിന്റെ വേരുകളായി മാറുന്നു. അതായത് സ്നേഹത്തിന്റെ വിത്തില്‍നിന്ന് സൌഹൃദത്തിന്റെ വേരുകളും സാഹോദര്യത്തിന്റെ ഫലവൃക്ഷവുമുണ്ടാകുന്നു. സാഹോദര്യമുള്ള ഒരു സമൂഹത്തില്‍ മാത്രമേ സമാധാനത്തിന്റെ പൂക്കള്‍ വിരിയുകയും ഐക്യത്തിന്റെ പക്ഷികള്‍ പാടുകയും ചെയ്യുകയുള്ളു. അതിനാല്‍ സൌഹൃദവും സാഹോദര്യവും മാനുഷികത്തിന്റെ മഹാ അനുഗ്രഹങ്ങളാണ്.

സഹൃദയത്വമുള്ളവരിലാണ് നല്ല സൌഹാര്‍ദ്ദമുണ്ടാകുന്നത്. ആ സൌഹാര്‍ദ്ദ ബദ്ധത്തില്‍ സഹാനുഭൂതിയും സഹായ മന:സ്ഥിതിയും വന്നെത്തുമ്പോഴാണ് സാഹോദര്യത്തിന്റെ നക്ഷത്രങ്ങള്‍ പിറക്കുന്നത്. പിന്നീട് ആ നക്ഷത്രപ്രകാശം ലോകത്തിന് വഴികാണിക്കും.

യര്‍മൂക് യുദ്ധത്തില്‍ വെട്ടേറ്റു മരണത്തോട് മല്ലടിച്ച് കിടക്കുന്ന ഏഴ് സഹാബികള്‍ വെള്ളത്തിന് വേണ്ടി കേഴുകയാണ്. ആരോ ഒരാള്‍ അവസാനത്തെ തുള്ളി ജലം നല്‍കാന്‍ വെള്ളപ്പാത്രവുമായി ഓടിയെത്തി. ആദ്യത്തെ സഹാബിയുടെ അടുത്തെത്തുമ്പോള്‍ ദാഹിച്ചുകരയുന്ന രണ്ടാമത്തെ സ്വഹാബിക്ക് നല്‍കാന്‍ പറഞ്ഞു. എന്നാല്‍ ദാഹിച്ചു കരയുമ്പോഴും അരികില്‍ തളര്‍ന്നു കിടക്കുന്ന മൂന്നാമത്തെയാള്‍ക്ക് നല്‍കാനായിരുന്നു ആ സ്വഹാബിയുടെ അഭ്യര്‍ത്ഥന. ഉടനെ മൂന്നാമത്തെ സ്വഹാബിക്കടുത്തെത്തിയപ്പോള്‍ അദ്ദേഹം നാലാമന് നല്‍കാന്‍ പറഞ്ഞു. നാലാമത്തെ സ്വഹാബി അഞ്ചാമത്തെ ആള്‍ക്കും അദ്ദേഹം ആറാമനും ആറാമത്തെ ആള്‍ ഏഴാമത്തെ സ്വഹാബിക്കും വെള്ളം നല്‍കാന്‍ ആ‍വശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ഏഴാമത്തെ സ്വഹാബി തന്റെ സാഹോദര്യത്തിന്റെ ഔന്നത്യമാര്‍ന്ന കാരുണ്യത്തില്‍ ജലം വാങ്ങാന്‍ തയ്യാറാവാതെ ഒന്നാമത്തെ സ്വഹാബിയുടെ അടുത്തേക്ക് തിരിച്ചുപോയി വെള്ളം നല്‍കാന്‍ പറജ്ഞു. എന്നാല്‍ ഒന്നാമത്തെ സ്വഹാബിയുടെ അടുത്ത് തിരിച്ചെത്തിയപ്പോഴേക്കും അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞുകഴിഞ്ഞിരുന്നു. പിന്നെ ഓരോരുത്തരുടെ അടുത്തെത്തുമ്പോഴേക്കും അവരെല്ലാം മരണത്തിന്റെ മാലാഖയോടൊപ്പ, പോയ്‌ക്കഴിഞ്ഞിരുന്നു.

മരണത്തിന്റെ നിമിഷത്തില്‍പ്പോലും സാഹോദര്യത്തിന്റെ അതുല്യത കാത്തുസൂക്ഷിക്കാന്‍ കഴിയുകയെന്നത് ഉന്നതമായ ത്യാഗത്തില്‍നിന്ന് മാത്രം ഉണ്ടാകുന്നതാണ്. സഹോദരനുവേണ്ടിയുള്ള ത്യാഗവും സഹനവും സമ്പൂര്‍ണ്ണ സഹവര്‍ത്തിത്വത്തോടെ, സഹാനുഭൂതിയോടെ നെഞ്ചേറ്റുമ്പോള്‍ മാത്രമേ സാഹോദര്യം അര്‍ത്ഥമുള്ളതാകുന്നുള്ളൂ.

സൂഫിയായ അബുല്‍ ഹുസൈന്‍ നൂരിയെയും സതീര്‍ത്ഥ്യരായ സൂഫികളെയും കൊല്ലാന്‍ കൊണ്ടുവന്നിരിക്കുകയാണ്. സൂഫികളെ വരിയില്‍ നിര്‍ത്തി ഓരോരുത്തരെയായി വധിക്കാനായി വാളെടുത്തു നില്‍ക്കുന്ന ഭടന്റെ മുന്നിലേക്ക് പിന്നിലുള്ള ആള്‍ ഓടിവന്നു ആദ്യം തന്നെ കൊല്ലാനായി ആവശ്യപ്പെട്ടു. തന്നെ വധിച്ചതിനു ശേഷം മാത്രം തന്റെ സഹോദരനെ വധിക്കുക, അതായിരുന്നു ആ സൂഫിയുടെ ആവശ്യം. ആ സമയത്ത് സൂഫികളില്‍ ഓരോരുത്തരായി മുന്നില്‍ വന്ന് ആദ്യം തങ്ങളെ കൊല്ലണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി.

ഇതുകണ്ട ഭടന്‍ ആകെ അത്ഭുതസ്തബ്‌ധനായി. കാരണം മരണം പോലും സഹോദരനുവേണ്ടി അദ്യം വരിക്കാന്‍ തയ്യാറാകുന്ന സാഹോദര്യത്തിന്റെ അപൂര്‍വ്വതയെ തിരിച്ചറിഞ്ഞ ആ ഭടന് ആ അത്യപൂര്‍വ്വ മനുഷ്യരെ കൊലചെയ്യാനായില്ല.

സഹോദരനുവേണ്ടി ത്യാഗം ചെയ്യുമ്പോഴാണ് വിശ്വാസം പൂര്‍ണ്ണമാകുന്നത്. നാം ഏറ്റവും ഇഷ്ടപ്പെടുന്നത് സഹോദരനുവേണ്ടി ഇഷ്ടപ്പെടുന്നതുവരെ വിശ്വാസം പൂര്‍ണ്ണമാകില്ലെന്ന് നബി (സ) പറഞ്ഞിട്ടുണ്ട്.
എപ്പോഴും നറുക്കിട്ടെടുത്ത് കാര്യങ്ങള്‍ തീരുമാനിച്ചിരുന്ന രണ്ട് സുഹൃത്തുക്കളുടെ കഥ പ്രസിദ്ധമാണ്. ഒടുവില്‍ അതിലൊരു സുഹൃത്ത് മരണപ്പെട്ടപ്പോള്‍ നറുക്കിടാറുണ്ടായിരുന്ന ആ സുഹൃത്ത് ഉപയോഗിച്ചിരുന്ന നാണയത്തുട്ട് കണ്ട് ആദ്യത്തെയാള്‍ ഞെട്ടിപ്പോയി. നറുക്ക് കിട്ടുമ്പോള്‍ ഒരിക്കലും മരിച്ച സുഹൃത്തിനു അനുകൂലമായി തീരുമാനം വരാറുണ്ടായിരുന്നില്ല. നാണയത്തിന്റെ തലഭാഗം (ചാപ്പ) ഒരിക്കലും അദ്ദേഹം പറയുമായിരുന്നില്ല. അത് മറ്റേ സുഹൃത്തിനു വേണ്ടി മാറ്റി വെച്ചതായിരുന്നു. ആ നാണയമാണ് മറ്റേ സുഹൃത്തിന്റെ മരണ ശേഷം കണ്ട് കിട്ടിയിരിക്കുന്നത്. എപ്പോഴും തന്റെ സുഹൃത്തിനു അനുകൂലമായി മാത്രം വരാന്‍ ആ നാണയത്തിന്റെ രണ്ടുഭാഗവും തലഭാഗം ഒട്ടിച്ചേര്‍ത്തതായിരുന്നു. അങ്ങിനെ എല്ലാ വിജയവും സുഹൃത്തിനായി നല്‍കിയ സൌഹൃദത്തിന്റെ കഥ പ്രസിദ്ധമാണ്
.

ആശയങ്ങളിലും ചിന്താധാരകളിലും സാമ്യമുണ്ടാകുമ്പോഴാണ് നാം സൌഹൃദത്തിലേക്ക് നീങ്ങുക. ജ്ഞാനവും തൊഴിലും താല്‍പ്പര്യങ്ങളുമെല്ലാം സൌഹൃത്തിനു നിദാനമാകാറുണ്ട്. ഒരേ രീതിയില്‍ ചിന്തിക്കുന്നവര്‍ തമ്മില്‍ ലോകത്തിന്റെ ഏത് ഭാഗത്താണെങ്കിലും സാമ്യമുണ്ടാ‍കും. അടിസ്ഥാന പ്രകൃതത്തില്‍ യോജിപ്പുണ്ടാവുമ്പോഴാണ് ചിന്തകളില്‍ സാമ്യമുണ്ടാവുക. ആ ചിന്തകളും അന്വേഷണങ്ങളും ഒന്നിച്ചുചേരുമ്പോള്‍ സ്നേഹത്തിന്റെ വിത്തുകള്‍ പരസ്പരം ഹൃദയങ്ങളില്‍ വിതറുകയും അവ സൌഹൃദത്തിന്റെ വേരുകളിലൂടെ സാഹോദര്യത്തിന്റെ ഫലവൃക്ഷങ്ങളായി പരിണമിക്കുകയും ചെയ്യുന്നു. അതില്‍ വിരിയുന്ന അനശ്വര പ്രണയത്തിന്റെ പൂക്കളിലേക്കാണ് സ്വര്‍ഗ്ഗ വാതിലുകള്‍ തുറന്ന് സ്നേഹസൂര്യന്‍ മിഴിതുറക്കുന്നത്.

(സിദ്ദിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍ , ഏപ്രില്‍ 2009)

No comments: