മൌലാനാ ജലാലുദ്ധീന്‍ റൂമിയുടെ ആത്മീയസാരൂപ്യത്തെയും കാവ്യസൗരഭത്തെയും അതീവ ലാവണത്തോടെ ആദ്യമായി മലയാളത്തിന് പകര്‍ന്നുനല്‍കിയത് ഗുരു നിത്യചൈതന്യ യതിയാണ്. തനതായ യൌഗികതയും കവിത്വവും സമന്വയിച്ച ഒരാള്‍ക്ക് മാത്രമേ യഥാര്‍ത്ഥരൂപത്തില്‍ റൂമിയെ പ്രകാശിപ്പിക്കാനാവൂ. അതിന്റെ ഭാഷയും അര്‍ത്ഥഗരിമയും അത്ര അഗാധമാണ്.
ദിവ്യപ്രണയത്തിന്റെ സാഗരങ്ങളെ ആത്മാവില്‍ വഹിക്കുന്ന ഒരാള്‍ മൊഴിയുന്ന വാക്കും മൊഴിയാതെയൊളിപ്പിച്ച മൗനവും പ്രണയത്തിന്റെ സാന്ദ്ര ശ്രുതികളയിരിക്കും. മസ്നവിയിലെ റൂമിയുടെ വചസ്സുകള്‍ അത്രമാത്രം ഹൃദയാന്തരത്തെ പ്രണയാര്‍ദ്രമാക്കുന്നതാണ്. ധ്യാനത്തിന്റെ അലൗകിക സ്വരങ്ങളെ അത് ആത്മാവിന് പകര്‍ന്നു നല്‍കുന്നു. കവിതയും പ്രണയവും ധ്യാനവും ആത്മാവിന്റെ പ്രകാശനവഴികളായവര്‍ക്ക് മാത്രമേ റൂമീവചസ്സുകളെ ഹൃദയ വിനിമയം ചെയ്യാനാവൂ.
അനന്യമായ ഭാഷയില്‍ സ്വപ്നസന്നിഭമായ കാവ്യലയത്തോടെ പ്രണയത്തിന്റെയും ധ്യാനത്തിന്റെയും അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് 'റൂമി പറഞ്ഞ കഥകള്‍' സംരചിച്ചിരിക്കുന്നു നിത്യചൈതന്യയതിയും ശിഷ്യയായ അഷിതയും. സംഗീതാത്മകമായ സ്വരധാരയില്‍ ഒരായിരം വസന്തങ്ങള്‍ ഒരുമിച്ച് വരുന്നതു പോലുള്ള ഹൃദയാവസ്ഥയാണ് 'റൂമി പറഞ്ഞ കഥകള്‍' അനുവാചകന്ന് ന്‍ല്‍കുന്നത്. എന്നാല്‍ റൂമിയുടെ മസ്നവിയെ സമ്പൂര്‍ണ്ണമായി ഹൃദയാനുരാഗികള്‍ക്ക് വിരുന്നായൊരുക്കാന്‍ കാലം ഗുരുവിനെ അനുവദിച്ചില്ല.
പൂക്കള്‍ വിരിയുമ്പോഴും പക്ഷികള്‍ പാടുമ്പോഴും മഴ വര്‍ഷിക്കുമ്പോഴും ആത്മാവിന്റെ ആഴങ്ങളില്‍ കുളിര്‍ പെയ്ത് കൊണ്ട് പരിലസിക്കുന്ന വസന്തസൂനങ്ങള്‍ പോലെയാണ് റൂമിയുടെ വാക്കുകള്‍. ജാഗ്രത്തും സ്വപ്നവുമറിയാത്ത ഹൃദയസാഗരത്തിന്നാഴങ്ങളില്‍ ധ്യാനിച്ച് ധ്യാനിച്ച് രൂപം കൊള്ളുന്ന മുത്തുച്ചിപ്പിയിലെ മുത്തായി മാറുന്നു അലൗകിക ശ്രുതിയുള്ള ആ അക്ഷരങ്ങള്‍. ധ്യാനപൂര്‍ണ്ണിമയും മൗനശ്രുതികളും ആത്മാവിലനുഭവിച്ച ഋഷിയായ കവിക്ക് മാത്രമേ ആ അനശ്വര രാഗങ്ങളെ തന്റെ തംബുരുവില്‍ മീട്ടാനാവൂ.ഗുരു നിത്യചൈതന്യയതിയുടെ ഹൃദയവിപഞ്ചികയില്‍ റൂമിയുടെ സ്വരരാഗങ്ങള്‍ ശ്രുതി ചേരുകയായിരുന്നു. ആ വിലയനത്തിലെവിടെയോ പാര്‍സിയും മലയാളവും തമ്മില്‍ അന്തരമില്ലാതായി. ആ അത്യപര്‌വ്വ നിമിഷങ്ങളില്‍ യതി റൂമിയുടെ സാത്മ്യം പൂകി. ആ നിമിഷങ്ങളിലെ അഷിതയുടെ ശിഷ്യ ഹൃദയത്തിന് സമ്മാനിച്ചതാവാം, റൂമിയെ മൊഴിഞ്ഞപ്പോള്‍ അവരുടെ അക്ഷരങ്ങളിലും പ്രകാശം നിറഞ്ഞത്.
ഒരു സായംസന്ധ്യയില്‍ പെട്ടെന്ന് ആകാശം മേഘാവൃതമായി. ഏതോ ഹൃദയസ്വരങ്ങളില്‍ നിര്‌വൃതി കൊണ്ട മേഘങ്ങള്‍ നൃത്തം ചെയ്തു. അവ അറിയാതെ വര്‍ഷിച്ചു പോയി.
"ബാദല്‍ നാച്ച്താഹേ , തോബാരിശ് ക്യാ കരേ..."(മേഘങ്ങള്‍ നൃത്തം ചെയ്താല്‍ മഴ വര്‍ഷം എന്തു ചെയ്യാന്‍...?)
നാല്പ്പത്താറു വര്‍ഷം നൊഞ്ചോടടുക്കിപ്പിടിച്ച ഒരു അനശ്വര ഗ്രന്ഥത്തിലെ ഒരായിരം വസന്തങ്ങള്‍ക്ക് നിദാനമായ വാക്കുകള്‍ യതിയുടെ ഹൃദയത്തില്‍ നിന്ന് മഴവര്‍ഷമായി പെയ്തിറങ്ങുകയായിരുന്നു. റൂമിയുടെ സൂഫീനൃത്തത്തെ ആ വിശുദ്ധാത്മാവില്‍ നിന്ന് ഒരു കുളര്‌വര്‍ഷമായി നമുക്ക് ലഭിച്ചു.അതിലെ ഓരോ വാക്കും വാക്കുകള്‍ക്കിടയിലെ മൗനശ്രുതികളും അതിനകത്തോളിച്ചുവെച്ച ആകാശങ്ങളും ഹൃദയാനുഗാമികള്‍ക്ക് അനുഭാവിക്കാന്‍ മാത്രം . യുക്തിയുടെയും ബുദ്ധിയുടെയും മൂല്യനിര്‍ണ്ണയത്തിനിതിലിടമില്ല. ഹൃദയാന്തരത്തിലറിയാതുറവെടുക്കുന്ന രാഗനിര്‌ത്ഡരിയുടെ ആര്‍ദ്ര ഗീതികള്‍ക്ക് ഹൃദയം അര്‍ച്ചനയായി നല്‍കാതെ ഒരു പ്രണയകാമിക്കും ഈ വഴി കടന്നു പോകാനാവില്ല.പ്രണയസമ്പൂര്‍ണ്ണതയുടെ നിറവായ , താളനിബിദ്ധതയുടെ ഛന്ദസ്സാര്‍ന്ന ലയമായ റൂമീസ്വരങ്ങള്‍ പ്രകാശവര്‍ണ്ണങ്ങളില്‍ പ്രണയാക്ഷരങ്ങളഅയി പകര്‍ന്നു തരാന്‍ ഗുരുവിനു സാധിച്ചിരിക്കുന്നു. റൂമിയുടെ യഥാര്‍ത്ഥ അനുഗാമിയായ യതിയോളം മറ്റാര്‍ക്കാണ് ഇത് സാധിതമാകുക?. 'കഴിഞ്ഞ നാല്പത്താറ് വര്‍ഷമായി ഞാന്‍ ഒരു ദിവസം പോലും മൗലാനാ ജലാലുദ്ധീന്‍ റൂമിയുടെ മസ്നവി എന്ന വിശിഷ്ട ഗ്രന്ഥത്തെ വിട്ടുപിരിഞ്ഞ് ജീവിച്ചിട്ടില്ല. ലോകത്ത് എവിടെയെല്ലാം ഞാന്‍ പോയോ അവിടെയെല്ലാം എന്റെ മേശപ്പുറത്ത് മസ്നവി ഉണ്ടായിരുന്നു.
ഒരു ഭാരതീയനായ സനാതനി ശ്രീമത് ഭഗവത് ഗീതയും സത്യക്രിസ്ത്യാനി സുവിശേഷം എന്നറിയപ്പെടുന്ന പുതിയ നിയമവും ദയാപരനായ അല്ലാഹുവിനെ ഹൃദയത്തില്‍ വെച്ച് വാഴ്ത്തുന്ന മുസ്‌ലിം വിശുദ്ധ ഖുര്‍ആനും എത്ര ആഴത്തിലുള്ള വിശ്വാസത്തോട് കൂടീയാണോ പൂര്‍ണ്ണഹൃദയത്തോടെ വായിക്കുകയും അതില്‍ നിന്നു ആത്മസാധനം നേടുകയും ചെയ്യന്നത് , ആ തരത്തിലുള്ള ദൃഢാനുരാഗത്തോടെയാണ് ഞാന്‍ മസ്നവിയിലെ പ്രകടമായ വാക്യങ്ങളേയും അപ്രകടമായ ധ്വനികളേയും ദിവസം ഒരു വരിയെങ്കിലും വായിച്ച് ധ്യാനിച്ച് ജീവിച്ച് പോന്നിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ജലാലുദ്ധീന്‍ റൂമി വെറുമൊരു മൗലാനയോ സൂഫിയോ വിശുദ്ധ ഖുര്‍ആന്റെ ഉത്തമ വ്യാഖ്യാതാവോ പേര്‍ഷ്യന്‍ കവികളില്‍ അഗ്രഗണ്യനോ ഒന്നുമല്ല. എന്റെ ഹൃദയത്തിന്റെ സ്പന്ദനതാളലയം തന്നെയാണ്. ഈ ജീവിത്തില്‍ വേറൊരാളെയും ഞാന്‍ ഇതിലുപരി സ്നേഹിക്കുകയോ പിന്‍പറ്റുകയോ ചെയ്തിട്ടില്ല.എന്റെ പേനയിലെ മഷി വറ്റിത്തുടങ്ങി. പ്രാണനത്തിന്റെ സംഖ്യ കുറഞ്ഞുവരുന്നു. ഇനി എത്ര പൂര്‍ണ്ണേന്ദുവിനെ കാണുമെന്ന് അറിഞ്ഞുകൂടാ. എന്നാലും എന്റെ ജീവിതത്തില്‍ ബാക്കി വരുന്ന ദിവസങ്ങളില്‍ എത്രകണ്ട് റൂമിയുടെ അമൃതവാണീ മാതൃഭാഷയായ മലയാളത്തിലേക്ക് ആവാഹിച്ച് കൊണ്ടുവരാമോ അത്രയും ചെയ്യണമെന്നാണ് എന്റെ താല്പര്യം.ലോകോത്തരന്മാരായ വന്ദ്യഗുരുക്കന്മാരുടെ പാദങ്ങളില്‍ വിനിയത്തോടെ ഇരുന്ന് ശ്രദ്ധയോടെ അവരുടെ ദിവ്യവചസ്സുകള്‍ ഞാന്‍ കേട്ട് പഠിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുള്ളത് പോലും എനിക്ക് കൂടുതല്‍ അവാച്യസുന്ദരമായിത്തീര്‍ന്നിട്ടുള്ളത് , ജലാലുദ്ധീന്‍ റൂമിയുടെ ദൃഷ്ടിയോടുകൂടി അവര്‍ മൊഴിഞ്ഞിട്ടുള്ള അമൃതവാണികളും പൂര്‍ണ്ണഹൃദത്തോടെ അവരൊക്കെ നല്‍കിയിട്ടുള്ള ധ്യാനങ്ങളും എന്റെ ആത്മാവില്‍ പുനരാവിഷക്കരിക്കയാലാണ്.
പ്രിയപ്പെട്ടവരെ, അദ്ധേഹം ഒരു മനുഷ്യന്‍ തന്നെ. പൂര്‍ണ്ണനായ ഒരു മനുഷ്യന്‍. എന്നാല്‍ അദ്ദേഹത്തിനു തുലുനായ ഒരു മനുഷ്യനെ ഞാന്‍ എവിടെയും കണ്ടിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ ഏവരും ഏറ്റവും മനനപ്രധാനമായ ധ്യാനത്തിനു ജലാലുദ്ദിന്‍ റൂമിയുടെ ഈ ദിവ്യവാണികള്‍ വായിക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. ഈ അഭ്യര്‍ഥനയോടുകൂടി അല്ലയോ ഹൃദയത്തിനെ ആരാധകരഅയവരേ, നിങ്ങള്‍ക്ക് നിറഞ്ഞ സ്നേഹത്തോടുകൂടി ഇത് അവതരിപ്പിച്ച് കൊള്ളുന്നു."
(സിദ്ദിഖ് മുഹമ്മദ്, സാംസ്കാരിക പൈതൃകം റൂമീ പതിപ്പ്)
2 comments:
ഞാന്‍ കൂടെക്കൂടെ അല്പാല്പമായി
ആസ്വദിക്കാറുണ്ട് ഈ പുസ്തകം.
അതുകൊണ്ടു തന്നെ ഈ പോസ്റ്റ്
കണ്ടപ്പോള്‍ ഒത്തിരി സന്തോഷം.
നന്ദി.
പരിചയപ്പെടുത്തലിനു നന്ദി.യതിയെ കുറിച്ച് ശ്രീ.ഹാഷിം മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലും പരാമര്‍ശിച്ചിരുന്നു യതിക്ക് റൂമിയോടുള്ള മതിപ്പിനെ പറ്റി.
ഈ പുസ്തകം ആരാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്?
Post a Comment