Friday, August 29, 2008

എക്സ്പെയറി ഡേറ്റ് കഴിഞ്ഞാല്‍

കോഴിക്കോട്ടെ അമ്മായിഅമ്മമാര്‍‌ക്ക് പെണ്‍‌മക്കളുടെ പുതിയാപ്പിളമാരോട് അതിരറ്റ വാത്സല്യമാണ്‌.മകളോടുള്ള സ്നേഹം മുഴുവന്‍ അമ്മ അവളുടെ ഭര്‍ത്താവില്‍ ചൊരിയുന്നു. അയാള്‍ക്ക് വിരുന്നൊരുക്കിയമ് ആദരണീയനായ അതിഥിയായി അയാളെ ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തിയും അവര്‍ സായൂജ്യമടയുന്നു

തെക്കേപ്പുറം എന്നു വിളിക്കപ്പെടുന്ന കുറ്റിച്ചിറയിലെ തറവാട്ടിലെ ഒരു അമ്മായിഅമ്മയെ അറിയാം. ജോലി അല്പം അകലെ ആയതുകൊണ്ട് ആഴ്ചയില്‍ മാത്രം മണിയറയിലെത്തുന്ന മകളുടെ മണവാളന്‌ നെയ്ച്ചോറോ ബിരിയാണിയോ ഉണ്ടാക്കിക്കൊടുക്കാത്ത ഒരു രാത്രി പോലും അവരുടെ ജീവിതത്തില്‍ കഴിങ്ങുപോയിട്ടില്ല. പാണ്ടിക ശാലയിലെ കണക്കെഴുത്തു പണി തന്റെ ഭര്‍ത്താവിനു നഷ്ടമായപ്പോള്‍ , അദ്ദേഹത്തിനും തനിക്കം കഞ്ഞിയും പുഴുക്കും വിളമ്പിയപ്പോഴും മരുമകന്റെ പ്ലേറ്റില്‍ പൊരിച്ച കോഴിയോ മീനോ ഉണ്ടായിരുന്നു. പുതിയാപ്പിളക്ക് അക്കാലത്ത് ചെറിയ ജോലി ആയതു കൊണ്ട് ,അധികമൊന്നും ചിലവിന്‌ അവിടെ കൊടുക്കറുണ്ടായിരുന്നില്ല താനും. ചിലപ്പോഴെങ്കിലും അയാള്‍ ഓസിപ്പുതിയാപ്പിള ആകാറുണ്ടായിരുന്നു. അപ്പൊഴെല്ലാം തന്റെ പരവശമായ മുഖത്തെ പുഞ്ചിരിയുടെ പാല്പ്പാത മായതെ ആ അമ്മായിഅമ്മ വിമ്പിക്കൊണ്ടിരുന്നു. കാലം കഴിഞ്ഞപ്പോള്‍ , ഒരു കേസ് തോറ്റതുകൊണ്ട് തറവാട് ഷെയറുപിരിഞ്ഞു വില്‍ക്കേണ്ടി വന്നു. മരുമകന്‍ ആ സമയമാകുമ്പോഴേക്കും പച്ചപിടിച്ചിരുന്നു. മരുമകനും മകളും നാലഞ്ചു മുറികളുള്ള ഒരു വീട് പണിതിട്ടും ഉപ്പായും ഉമ്മായും ഇപ്പോള്‍ വാടകക്കെടുത്ത കൊച്ചു വീട്ടീല്‍ തനിച്ച് കഴിയുകയാണ്‌. മരുമകനും മകളും ആ വയോധികരെ കാര്‍ന്നുതിന്നുന്ന ഏകാന്തതയെപ്പറ്റി വ്യാകുലപ്പെടുന്നില്ല. മാത്രമല്ല , അതവരുടെ വിഷയമേ ആകുന്നില്ല.

ജീവിതകാലം മുഴുവന്‍ മക്കള്‍ക്ക് വേണ്ടീ ഹോമം ചെയ്തിട്ട് , ഒടുവില്‍ വലിച്ചെറിയപ്പെടാനാണ്‌ നമ്മുടെ നാട്ടിലെ എത്രയോ വ്ര്‌ദ്ധരുടെ വിധി. പേപ്പര്‍, പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും വന്ന ശേഷം ക്രോക്കറികള്‍ കഴുകിവെക്കുന്നത് നമുക്ക് ഭാരമായിരുക്കുന്നു. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക. സൗകര്യമാണ്‌ നമുക്ക് പ്രധാനം. ബുദ്ധിമുട്ടൊഴിവാക്കി എങ്ങനെ ജീവിക്കാം എന്നതിന്റെ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണോരോ ചെറുപ്പക്കാരനും. വലിച്ചെറിയാന്‍ ചവരറ്റുകൊട്ടകളുണ്ട്. വയസ്സായവരെ വലിച്ചെറിയാനുള്ള വേസ്ബാസ്ക്കറ്റുകളാണ് ഓരോ വ്ര്‌ദ്ധ സദനവും. അണുകുടുംബങ്ങളാണിന്നഭികാമ്യം. ശരിക്കും നമ്മുടേത അണുകുടുംബങ്ങളല്ല. അണുബാധിച്ച കുടുംബങ്ങളാണ്‌. മാരകമായ രോഗാണു. സ്നേഹം പ്രയോജനത്തിനു മാത്രമുള്ള പരസ്യ വാചകങ്ങളായിരുക്കുന്നു. "നിങ്ങളുടെ സംത്ര്‌പ്തിയാണ്‌ ഞങ്ങളുടെ സായൂജ്യം" എന്ന് നാം മറ്റുള്ളവരോട് പറഞ്ഞ് കൊണ്ടീരിക്കുന്നു.

സഊദി അറേബ്യയിലെ തുറമുഖ പട്ടണത്തില്‍, രണ്ടുവര്‍ഷങ്ങളോളം പണിയൊന്നും കിട്ടാതെ അലയേണ്ടിവന്ന ബിരുദാനതര ബിരുദധാരിയായ ഒരു സുഹ്ര്‌ത്തിന്‌ ഒടുവില്‍ ജോലി കിട്ടി. എന്തായിരുന്നെന്നോ ലാവണം. കാലാവധി കഴിഞ്ഞ പദാര്‍തഥങ്ങളുടെ പായ്ക്കറ്റുകളില്‍ തിയ്യതി മാറ്റി ഒട്ടിക്കുക. നിയമപാലനത്തില്‍ കണിശതയുള്ള ഈ രാജ്യത്തും മലയാളി തന്റെ വക്ര ബുദ്ധി പ്രയോഗിക്കുകയായിരുന്നു. അങ്ങനെ ചെറിയൊരു വിലയിളവില്‍ വില്പ്പനക്ക് ലൈസന്‍സ് കിട്ടിയ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ആ ഭക്ഷ്യവസ്തുക്കള്‍ ചൂടപ്പം പോലെ വിറ്റുപോയി. എന്തെങ്കിലും പ്രയോജനമുണ്ടായിരുന്നെങ്കില്‍ വ്ര്‌ദ്ധരായ നമ്മുടെ മാതാപിതാക്കളുടെയും എക്സ്പയറി ഡേറ്റ് നാം മാറ്റി ഒട്ടിക്കുമായിരുന്നു. അങ്ങനെ അല്ലാത്തതിനാല്‍ അവര്‍ ഓള്‍ഡേജ് ഹോമുകളിലെ അന്തേവാസികളാകുന്നു. പേയിംഗ് ഗസ്റ്റുകളും അഭികാമ്യരല്ലാത്ത അതിഥികളുമുണ്ട് ഇക്കൂട്ടത്തില്‍.

യൗവന കാലം ആഘോഷത്തിന്റേതാണ്‌. അക്കാലത്ത് ഏതു ദരിദ്രനും പ്രായത്തിന്റെ സന്തോഷമെങ്കിലുണ്ടാവും. ചെറുപ്പക്കാലത്ത് ആഹ്ലാദമില്ലാതിരിക്കുക എന്നത് വേദനാജനകമാണ്‌. എന്നാല വയസ്സുകാലത്ത് വേദനയില്ലാതിരിക്കുകയെന്നതാണ്‌ ആഹ്ലാദകരം. കാരണം ഓജസ്സ് കഴിഞ്ഞുപോയ ശരീരത്തില്‍ വ്യാധികള്‍ കൂടുകൂട്ടുന്ന കാലമാണ്‌. വ്യാധിയോടൊപ്പം ആധിയും കൂടുചേരുന്നു. അപ്പോഴാണ്‌ ആശ്വാസത്തിന്റെ കുളിര്‍കാറ്റുമായി , സന്ത്വനസ്പര്‍ശവുമായി സന്താനങ്ങളെത്തേണ്ടത്. എന്നാലവര്‍ സ്വന്തം സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലായിരിക്കും. എന്നാല്‍, നോവലിസ്റ്റ് ആനന്ദ് പറഞ്ഞത് പോലെ, സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം അറിയാതിരിക്കുന്നതാണ്‌ യുവത്വം. അതറിഞ്ഞുതുടങ്ങുമ്പോള്‍ ഒരാള്‍ വ്ര്‌ദ്ധനാകുന്നു എന്ന സത്യം അവര്‍ക്കറിയില്ലല്ലോ. കാരണം അവര്‍ യുവാകാളായിപ്പോയില്ലേ?

വാര്ധക്യമെന്നത് അവിടെയെത്തുന്നതുവരെ ആരും ചിന്തിക്കാനിഷ്ടപ്പെടാത്ത അരവസ്ഥയാണ്‌. മരണം പോലെ. അത് മറ്റുള്ളവര്‍ക്കേ വരൂ എന്ന ഒരു തോന്നല്‍ യുവാവായിരിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട്. അത്കൊണ്ടാണ് ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം , അറിയാത്ത ഭാഷ സംസാരിക്കുന്ന ഒരു വിദേശ രാജ്യമാണ്‌ വാര്‍ധക്യം എന്ന് മേ സര്‍റ്റണ്‍ പറഞ്ഞത്. ദീര്‍ഘകാലം ജീവിക്കണം , എന്നാല്‍ വയസ്സ് കൂടാന്‍ പാടില്ല എന്നാണ്‌ നമ്മുടെ ആഗ്രഹം. മരിക്കാനും പാടില്ല. അതേ സമയം സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നമുക്കെല്ലാം കൊതിയുമുണ്ട്. മരണം രുചിക്കാതെ സ്വര്‍ഗ്ഗം സ്വന്തമാക്കാനും വയസ്സ് കൂടാതെ ആയുഷ്മാനാവാനും ഇഷ്ടപ്പെടാത്ത വളരെക്കുറച്ചാളുകളേ ഈ ഭൂമിയിലുണ്ടാവൂ.

നാം കൊടുക്കാത്തതൊന്നും ഈ ജീവിതത്തില്‍ നമുക്ക് കിട്ടുന്നില്ല. ബാഹ്യമായ ഒരവലോകനത്തില്‍ നിന്ന് മാറി ആഴത്തില്‍ വിശകലനം ചെയ്താല്‍ ഒരാന്തരിക നീതി ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇന്ന് കൊടുക്കുന്നത് തിരിച്ചുകിട്ടുന്നത് നാളെ തന്നെയാവണമെന്നില്ല. കാലങ്ങള്‍ക്ക് ശേഷമാവം. മടക്കിലഭിക്കുന്നത് അത് തന്നെയാവണമെന്നുമില്ല. പക്ഷേ ഒരിക്കലതു തിരിച്ചുവരിക തന്നെ ചെയ്യും. ഓരോ കര്‍മ്മവും ഓരോ റബ്ബര്‍ പന്താണ്‌. തിരിച്ചറിഞ്ഞില്ലെങ്കിലും, അതിന്റെയോ അതിനേക്കാളോ മൂല്യമുള്ള ഒരു സമ്മാനം ഭാവിയുടെ ഗര്‍ഭത്തില്‍ ഓരോരുത്തര്‍ക്കുമായി കാത്തുവെച്ചിട്ടുണ്ട്.

നായക നടന്മാരായി പ്രശസ്തിയുടെ പാല്‍ വെളിച്ചത്തില്‍ വിളങ്ങയിരുന്നവര്‍ സൈഡ് റോളുകള്‍ കൊണ്ട് പില്‍ക്കാലത്ത് ത്ര്‌പ്തിപ്പെടേണ്ടിവരുന്നത് പോലെ, യൗവനദീപ്തിക്ക് വാര്ധക്യം എപ്പോഴും വഴിമാറിക്കൊടുക്കേണ്ടി വരുന്നു. ഒരിക്കല്‍ യുവത്വത്തിന്റെ കൈചൂണ്ടിപ്പലകകളായവര്‍ നോക്കുകുത്തികളായവരോധിക്കപ്പെടുന്നതങ്ങനെയാണ്‌. അതുകൊണ്ടു തന്നെ അവര്‍ പരിഗണന അര്‍ഹിക്കുന്നു. ഒരു പരിഗണനയും പാഴായി പോകുന്നില്ല. ഹരികുമാറിന്റെ സൂര്യ കാന്തിപ്പൂക്കള്‍ എന്ന കഥയിലെ വിത്തുകള്‍ നഷ്ടപ്പെട്ട കുട്ടിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യകാന്തിപ്പാടങ്ങള്‍ കാണാനായത് പോലെ ഓരൊ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് സാധ്യമാണ്‌.

രക്ഷിതാക്കള്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും കരുതിവച്ചില്ല എന്നു പരിതപിക്കുന്നവരുണ്ട്. സത്യത്തില്‍ അതവരുടെ കര്‍ത്തവ്യമല്ല. അതവരുടെ സന്മനസ്സും സന്തോഷവും മാത്രമാണ്‌. 'നമ്മുടെ യുവാക്കള്‍ക്ക് ഭാസുരമായ ഭാവി ഉണ്ടാക്കിക്കൊടുക്കാന്‍ എപ്പോഴും നമുക്ക് കഴിയണമെന്നില്ല. എന്നാല്‍ ഭാവിക്ക് വേണ്ടി യുവാക്കളെ സജ്ജരാക്കാന്‍ നമുക്ക് സാധിക്കും' എന്ന് ഫ്രാങ്ക് ലിന്‍ ഡി. റൂസ് വെല്‍റ്റ് പറയാന്‍ കാരണമതാകുന്നു.

വ്ര്‌ദ്ധന്മാരായ രക്ഷിതാക്കള്‍ വിഢികളാണെന്ന വിചാരത്തോടെയാണ്‌ കൗമാരപ്രായക്കാര്‍ സാധാരണ ഗതിയില്‍ വളരുന്നത്. അവരുടെ കുട്ടികളില്‍ അവരെപ്പറ്റിയും അങ്ങനെയാണ്‌ ചിന്തിക്കുക എന്നവര്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നില്ല.

കാനേഷ് പൂനൂര്‌.സാംസ്കാരിക പൈത്ര്‌കം മാസികഓഗസ്റ്റ് രണ്ടായിരത്തി എട്ട്

4 comments:

അല്ഫോന്‍സക്കുട്ടി said...

“ഇന്നു ഞാന്‍,നാളെ നീ“ എല്ലാരും മനസ്സിലാക്കേണ്ട, എന്നാല്‍ മനസ്സിലാക്കാന്‍ വൈകുന്ന ഒരു സത്യം.
വളരെ നല്ല പോസ്റ്റ്, ചിന്തിക്കേണ്ട വിഷയം. ആശംസകള്‍.

Anoop Technologist (അനൂപ് തിരുവല്ല) said...

:)

PIN said...

നാളെയെക്കുറിച്ച്‌ കൂടുതൽ ആവലാതിപ്പെട്ട്‌, ഇന്നും, നാളെയും ജീവിതം ഇല്ലാതെ ആക്കുന്നവരുടെ കാര്യമാണ്‌ കഷ്ടം.

nirmmaalyam / നിര്‍മ്മാല്യം said...

വാര്‍ദ്ധക്യത്തിനേയും ജീവിതത്തിനേയും ഒക്കെ ഫിലോസഫിക്കലായും പ്രായോഗികമായും വിവക്ഷിക്കാന്‍ ശ്രമിച്ചത് വളരെ ശ്ലാഘനീയമായിരിക്കുന്നു.
പേപ്പര്‍, പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും പോലെ ഉപയോഗ്ഗ ശൂന്യമായി മാറുന്ന വൃദ്ധര്‍.
ചെറുപ്പക്കാലത്ത് ആഹ്ലാദമില്ലാതിരിക്കുക എന്നത് വേദനാജനകമാണ്‌, എന്നൊക്കെയുള്ള സത്യങ്ങള്‍ എന്നെ ഈ പോസ്റ്റിഷ്ടമാക്കി.:)