Thursday, January 15, 2009

അനുരാഗത്തിന്റെ ആദ്ധ്യാത്മിക പൌര്‍ണ്ണമി

സൂഫി അദ്ധ്യാത്മ ദര്‍ശനത്തിന്റെ ചരിത്രത്തില്‍ ഇമാം ഗസ്സാലിയുടെതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഘട്ടത്തേയും നിലപാടിനേയുമാണ് ജലാലുദ്ധീന്‍ റൂമി പ്രതിനിധാനം ചെയ്യുന്നത്. പരമമായ ദൈവ ഭയത്തിലും (ഖൌഫ്) കണിശമായ ലൌകിക വിരക്തിയിലും (സുഹ്ദ്) അധിഷ്ഠിതമായിരുന്നു ഗസ്സാലു പ്രോജ്ജ്വലിപ്പിച്ച സൂഫീ ദര്‍ശനം. അതേസമയം റൂമിയുടെ ദര്‍ശനം അനുരാഗത്തെയാണ് (ഇശ്‌ഖ്) അടിസ്ഥാനമാക്കിയത്. ഗസ്സാലിയുടെ ‘ഇഹ്‌യ’ യും ‘കീമിയായെ സ‌ആദ’ യും റൂമിയുടെ ‘മസ്‌നവി മ‌അനവി’ യുമുള്‍പ്പെടെയുള്ള കൃതികളും പാരായണം ചെയ്യുമ്പോള്‍ ഇരുവരുടേയും ചിന്താഗതികളിലും ജ്ഞാനാനുഭൂതികളിലുമുള്ള ഈ വ്യത്യാസം ഗ്രഹിക്കാനാകും. അതിനോടൊപ്പം തന്നെ റൂമി ഗസ്സാലിയെ അളവറ്റ് ആദരിക്കുകയും ‘വിശ്വോത്തര പണ്ഡിതന്‍ (ആലിമെ ആലമിയാന്‍)‘ എന്നുവരെ വിശേഷിപ്പിക്കുകയും ചെയ്തിരിക്കുന്നത് കാണാം. രണ്ടുപേരുടേയും ആശയസ്രോതസ്സുകള്‍ വിശുദ്ധ ഖുര്‍‌ആനിലും നബിചര്യയിലും നേരത്തെ സ്ഥലം പിടിച്ചുകഴിഞ്ഞിട്ടുള്ളതാണു താനും.

ദൈവത്തിന്റെ ശക്തി മാഹാത്മത്തിനും ഗാം‌ഭീര്യത്തിനും മുമ്പില്‍ വിസ്മയഭരിതനും ഭയക്രാന്തനുമായി നില്‍ക്കുന്ന മനുഷ്യന്‍ സ്വയം നിസ്സാരനും ഒന്നുമല്ലാത്തവനുമായി ഗണിക്കുകയാണ് ഗസ്സാ‍ലിയുടെ ദര്‍ശനത്തില്‍. സര്‍വ്വ ശക്തനും സര്‍വ്വാതിശായിയുമാ‍യ പരമേശ്വരന്റെ മുമ്പില്‍ തന്‍റെ നിര്‍ഗ്ഗതിയും നിസ്സാരതയും നിസ്സഹായതയും ഗ്രഹിച്ച് സര്‍വ്വാത്മനാ കീഴ്പ്പെട്ട് വണങ്ങുകയെന്നതാണ് ഗസ്സാലിക്ക് ആത്യന്തികമായി മനുഷ്യന് നല്‍കാനുള്ള സന്ദേശം. നിരന്തരമായ ദൈവചിന്തയും ധ്യാനവും ആരാധനയും ത്യാഗപരിശ്രമവും ( മുജാഹദ) വഴി മന:ശ്ശുദ്ധിയാര്‍ജ്ജിച്ചിട്ട് വേണം മനുഷ്യന്ന് അദ്ധ്യാത്മിക ജ്ഞാനത്തി്ന്റെ മാര്‍ഗ്ഗത്തിലേക്ക് പ്രയാണമാരംഭിക്കുവാന്‍. അതിനു വേണ്ടി അവന്‍ സമ്പത്തുമായും പുത്രകളത്രകൂട്ടുകുടുംബാദികളുമായും മറ്റു ഭൌതിക സുഖസൌകര്യങ്ങളുമായുള്ള ബന്ധങ്ങളില്‍ നിന്ന് മനസ്സിനെ വിച്ഛേദിച്ച് കൊണ്ട് ഏകാഗ്രതയോടെ ദൈവാരാധനയിലും ദൈവധ്യാനത്തിലും വ്യാപൃതനായിരിക്കണം. അല്ലാഹു എന്നത് അക്ഷരങ്ങള്‍ക്കും ശബ്ദങ്ങള്‍ക്കും അപ്പുറത്ത് ഒരു വിചാരവും നിത്യസ്മരണയുമായി മാറുന്നതോടെയുണ്ടാകുന്ന അന്തര്‍ജ്ഞാനം തസവ്വുഫനുഭവത്തിലേക്കുള്ള ചുവടുവെപ്പാണ്.

ഭയത്തിന്റെയും കീഴടങ്ങലിന്റെയും ഈ ആശയത്തെ റൂമിയും സമ്മതിക്കാതിരിക്കുന്നില്ല. ‘ക്രൌര്യം മുറ്റിനില്‍ക്കുന്ന സിംഹത്തിന്റെ കയ്യിലിരിക്കെ മനുഷ്യന് കീഴടങ്ങുകയല്ലാതെ എന്തു ഗത്യന്തരം.? എന്ന് മസ്‌നവിയില്‍ റൂമി ചോദിക്കുന്നത് ഇതേ സൂചന വെച്ചിട്ടാണ്. പക്ഷേ ഭയത്തേയും ലോകപരിത്യാഗത്തേയും അടിസ്ഥാനമാക്കിയല്ല അദ്ദേഹം തന്റേ ദര്‍ശനം സമര്‍ത്ഥിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റേത് അനുരാഗത്തിന്റെ അഥവാ ഇശ്‌ഖിന്റെ ആദ്ധ്യാത്മിക ദര്‍ശനമാണ്. അനുരാഗത്തെ തസവ്വുഫിന്റെ അടിസ്ഥാനമായിട്ടെടുത്തിട്ടുള്ളവര്‍ റൂമിയുടെ കാലക്കാരിലും ശേഷക്കാരിലും ഏറെയുണ്ടായിട്ടുണ്ട്. ഈജിപ്തിലെ ഇബ്നുല്‍ ഫാരിസ് റൂമിയുടെ സമകാലികനായിരുന്നു. ദിവ്യാനുരാഗത്തെ (ഇശ്‌ഖ്) അടിസ്ഥാനപ്പെടുത്തി ഒട്ടേറെ അറബിക്കവിതളുമുണ്ട് അദ്ദേഹത്തിന്റേതായി. അലാവുദ്ദൌല സം‌നാനി , ഹാഫിസ് ശീറാസി , അബ്ദുറഹ്മാന്‍ ജാമി തുടങ്ങി റൂമിയുടെ പില്‍ക്കാലരായ ഒട്ടനവധി ജ്ഞാനികളായ (ആരിഫുകള്‍0 കവികള്‍ അനുരാഗത്തെ അടിസ്ഥാനമാക്കി കാവ്യരചന നടത്തിയ പ്രമുഖരാണ്. എന്നാല്‍ അനുരാഗാധിഷ്ഠിത സൂഫീശാഖയുടെ പ്രോദ്‌ഘാടകന്‍ റൂമിയാണെന്നതാണ് അദ്ദേഹത്തിന്റെ സവിശേഷത.

ഒരു വ്യക്തിക്ക് മാനുഷികമായ വ്യക്തിത്വം അതിന്റെ തികവോടെ തന്നില്‍ വികസിപ്പിക്കുന്നതിനും സ്വത്വത്തിനു മുക്തിയും അനശ്വരതയും നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പരിശ്രമത്തില്‍ തന്റേതായ ഭാഗധേയം നിര്‍‌വ്വഹിക്കണമെങ്കില്‍ ആ ഭാഗധേയത്തിന് രൂപം നല്‍‌കാന്‍ ആ വ്യക്തി കൈക്കൊണ്ടിരിക്കേണ്ട മൂല്യങ്ങള്‍ ഏതെല്ലാമെന്ന് റൂമി വിശദീകരിക്കുന്നുണ്ട്. ഇശ്‌ഖ് , അഖ്‌ല്‍ , അമല്‍ , ഫഖ്‌റ് , എന്നിവയെത്രേ അവ. ഇശ്‌ഖ് അനുരാഗം അഥവാ പ്രേമമാണ്. അഖ്‌ല്‍ ബുദ്ധിയും അമല്‍ കര്‍മ്മവും . ഫഖ്‌റിന്റെ അര്‍‌ത്ഥം ദാരിദ്രം എന്നാകുന്നു. പക്ഷേ സൂഫീ ആദ്ധ്യാത്മിക പാതയിലെ ഒരു പ്രത്യേക ഘട്ടത്തിനാണീ സം‌ജ്ഞ സാങ്കേതികമായി ഉപയോഗിക്കുന്നത്. ജീവിതത്തിനു നേരെയുള്ള സവിശേഷമായ ഒരു സമീപനമത്രേ ഫഖ്‌റ്. സ്നേഹത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപമാണ് അനുരാഗം. സ്നേഹത്തിന് അറബിയില്‍ ‘ഹുബ്ബ്’ എന്നാണ് സാധാരണ പ്രയോഗിക്കാറ്. സ്നേഹം അഗാധവും തീവ്രവുമാകുമ്പോള്‍ അത് ഇശ്‌ഖ് അഥവാ അനുരാഗമായി മാറുന്നു. നിങ്ങള്‍ക്ക് ഒരാളോട് സ്നേഹമാണുള്ളതെങ്കില്‍ , അയാളെ നിങ്ങള്‍ പലപ്പോഴും ഓര്‍ക്കുകയും പലപ്പോഴും ഓര്‍ക്കാതിരിക്കുകയും ചെയ്യും. എല്ലായ്പ്പോഴും അയാള്‍ നിങ്ങളുടെ മനസ്സില്‍ കുടിപാര്‍ത്തുകൊള്ളണമെന്നില്ല. അതേസമയം നിങ്ങള്‍ക്കയാളോട് അനുരാഗമാണുള്ളതെങ്കില്‍ ( ഇശ്‌ഖ്) അയാള്‍ നിങ്ങളുടെ ചിന്തയേയും വികാരത്തേയും ബോധത്തേയും പിരിയാതെ പിന്തുടരും. നിങ്ങളുടെ മനസ്സിന്റെ സിം‌ഹാസനത്തില്‍ അയാള്‍ സദാ ഉപവിഷ്ടനായിരിക്കും. പുറത്താക്കാന്‍ ക്ലേശിക്കുന്തോറും മനസ്സിന്റെ അകത്തളത്തില്‍ അയാള്‍ സ്ഥാനമുറപ്പിക്കുന്നതായാണനുഭവപ്പെടുക. കാമുകിയെ വിസ്മരിക്കാന്‍ വേണ്ടി പൂന്തോട്ടത്തില്‍ പോയി ഇരുന്നപ്പോള്‍ പൂന്തോട്ടത്തിലെ ഓരോ പൂവിലും കാമുകിയുടെ കണ്ണ് ദര്‍ശിച്ച ഒരു കാമുകന്റെ കഥയുണ്ട്. അതാണ് അനുരാഗം.

എന്നാല്‍ ഭൌതികശരീരത്തോടൂള്ള ആകര്‍ഷണം മൂലമുണ്ടാകുന്ന അനുരാഗമോ പ്രേമമോ അല്ല റൂമിയുടെ ഇശ്‌ഖ്, ആഹാരം കഴിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്കിടയിലെ പരസ്പര ആകര്‍ഷകത്വം സ്വാഭാവികമായ ഒരു വൈകാരിക അടുപ്പമായതിനാല്‍ ഇശ്‌ഖ് എന്ന ഉന്നത പദം കൊണ്ട് വ്യവഹരിക്കപ്പെടാന്‍ അത് യോഗ്യമാകുന്നില്ലയെന്നത്രേ റൂമിയുടെ പക്ഷം. സ്വത്വത്തിന് അതിന്റെ പ്രഭവസ്ഥാനത്തോട് സദ്ധിക്കാനുള്ള തപിക്കുന്ന ആശയാണ് ഇശ്‌ഖ്. സ്വത്വത്തിന്റെ പ്രഭവസ്ഥാനം അല്ലാഹുവത്രേ. അതിനാല്‍ ഈ അനുരാഗം തികച്ചും അല്ലാഹുവിനോടുള്ളതാകുന്നു.

റൂമിയുടെ അനുരാഗം അതിനാല്‍ യുക്തിപരം കൂടിയാണ്. യുക്തിയുടെ അഭാവത്തില്‍ അനുരാഗം അന്ധമായിരിക്കും. പൂര്‍ണ്ണമനുഷ്യനെ വിലയിരുത്തുന്നതിനിടയ്ക്ക് റീമി ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഇശ്‌ഖിന്റെയും അഖ്‌ലിന്റെയും കൂട്ടാകുന്നു അദ്ദേഹത്തിന്റെ പൂര്‍ണ്ണ മനുഷ്യന്‍. ചിന്തയിലും ദൈവസ്മരണയിലും ഹൃദയങ്ങളെ തെളിയിച്ചെടുത്തതിനാല്‍ അവരുടെ ഹൃദയദര്‍പ്പണങ്ങളില്‍ യാഥാര്‍ത്ഥ്യം പ്രതിബിം‌ബിക്കും എന്നാണ് പൂര്‍ണ്ണമനുഷ്യരുടെ സവിശേഷതകള്‍ എണ്ണിയേടത്ത് റൂമി പ്രസ്താവിച്ചിരിക്കുന്നത്. അപ്രകാരം തന്നെ നിഷ്ക്രിയത്വത്തിന്റെ അടിസ്ഥാനമല്ല റൂമിയുടെ ഇശ്‌ഖ്. അത് ശക്തിയുടെ സ്രോതസ്സാണ്. അനുരാഗത്തോളം ശക്തിയും കരുത്തും പ്രദാനം ചെയ്യുന്ന യാതൊന്നുമില്ല എന്നിടത്തോളം വിശ്വച്ചിരുന്നു റൂമി. കാരണം , ഒരാളുടെ അസ്തിത്വത്തിന്റെ ആഴങ്ങളിലേക്ക് ഇത്രയ്ക്ക് വേരോട്ടമുള്ള മറ്റൊരു വികാരമില്ല. ഭയം കൊണ്ട് ഒരാളെ അനുസരിപ്പിക്കാന്‍ കഴിഞ്ഞേക്കാം. അതുപക്ഷേ ബാഹ്യമായ കീഴ്പ്പെടലേ ആകൂ. അടിമയുടെ അനുസരണം പോലെ. അനുരാഗമാണ് ഒരു കാര്യത്തിന്റെ മാനസികമായ അം‌ഗീകരണത്തിനും സ്വീകരണത്തിനും ഒരാളില്‍ സന്നദ്ധതയുണ്ടാക്കുന്നത്. എല്ലാ അസൌകര്യങ്ങളേയും തിക്താനുഭവങ്ങളേയും അനുരാഗം മധുരമാക്കിത്തരും. അത് കയ്പ്പിനെ ഹൃദ്യമാക്കുന്നതും വേദനയെ ഔഷധമാക്കുന്നതും അചേതനത്തെ ചേതനയുറ്റതാക്കുന്നതും രാജാവിനെ അടിമയാക്കുന്നതെല്ലാം റൂമി മസ്‌നവിയില്‍ വര്‍ണ്ണിക്കുന്നുണ്ട്. ‘അനുരാഗം വാളിനേയും കത്തിയേയും തൃണമാക്കും. അത് യുദ്ധവും സമാധാനവുമുണ്ടാക്കും. അതിന്റെ നോട്ടം കരിമ്പാറക്കൂട്ടങ്ങളെ കിടിലം കൊള്ളിക്കും. ഒരാള്‍ തന്നെ അനുരാഗത്താല്‍ ശക്തനാക്കിയാല്‍ ആ ശക്തി കൊണ്ടയാള്‍ക്ക് ലോകത്തെ അഖിലം വാഴാം.’ റൂമി പറയുന്നു.

എന്നാല്‍ അനുരാഗം അന്ധവും അലക്ഷ്യവുമാകാതിരിക്കണമെങ്കില്‍ അറിവിന്റേയും ആലോചനയുടേയും സഹായത്തോടെ ബോധപൂര്‍വ്വം വളര്‍ത്തപ്പെടണം. അല്ലാഹുവിനെക്കുറിച്ചുള്ള ബോധം മനുഷ്യ പ്രകൃതിക്ക് സഹജമാണെങ്കിലും മുഹമ്മദ് നബി (സ) മുഖേന അല്ലാഹുവിനെ അറിയുന്നതിന്റെ ഫലമായിട്ടാണ് മനുഷ്യന് അല്ലാഹുവിനോട് സ്നേഹമുണ്ടാകുന്നതും ആ സ്നേഹം അനുരാഗമായി വളരുന്നതും. മുഹമ്മദ് നബി (സ) യിലൂടെ പ്രസരിക്കുന്ന പ്രകാശത്തിലൂടെയാണ് ഈശ്വരദര്‍ശനത്തിന്റെ പൂര്‍ണീകൃത രൂപം മനുഷ്യന്‍ കൈവരിക്കുന്നത്. മുഹമ്മദ് നബി (സ) ദൈവത്തെ എന്തായി പഠിപ്പിച്ചോ അതാണ് നമ്മുടെ സങ്കല്‍പ്പത്തിലും വിശ്വാസത്തിലുമുള്ള ദൈവം. അപ്പോള്‍ പിന്നെ ഭൂമിയില്‍ ജീവിച്ച മുഹമ്മദ് നബിയെ (സ) സ്വീകരിക്കാതെയും പ്രേമിക്കാതെയും അദ്ദേഹത്തിലൂടെ (സ) പരിചയപ്പെടുത്തപ്പെട്ട ദൈവത്തിലേക്കെത്താനാവുന്നതെങ്ങനെ ? ദൈവത്തെ തേടുന്നവര്‍ക്ക് ദൈവീകഗുണങ്ങളുടെ ഭൂമിയിലെ മാതൃകയാവാന്‍ അയക്കപ്പെട്ട മനുഷ്യരൂപമാണല്ലോ അവിടുന്ന്. വിശുദ്ധ ഖുര്‍‌ആന്‍ അങ്ങനെയാണ് (32:21) അവിടുത്തെ പരിചയപ്പെടുത്തിയിരിക്കുന്നത്. അവിടത്തെ ആളത്വത്തെ അറിഞ്ഞ് അവിടത്തില്‍ അനുരക്തനാകുന്നത് വഴിയാണ് ഒരാള്‍ക്ക് ദൈവസാമീപ്യത്തിലേക്കുയരാനാവുക. “നീ നിന്റെ സ്നേഹഭാജനത്തിന് (മുഹമ്മദ് നബി (സ) ) സ്വയം സമര്‍പ്പിക്കുന്ന നിത്യകാമുകനാവുക. എങ്കില്‍ എല്ലാ കുരുക്കുകളില്‍ നിന്നും മുക്തനായി നിനക്ക് ദൈവത്തിലെത്താം.” എന്ന് അല്ലാമാ ഇഖ്‌ബാല്‍ പറയുമ്പോള്‍ അദ്ദേഹം ഇതാണര്‍ത്ഥമാക്കുന്നത്.

റൂമിയെ ഒരു മതേതരനായ കേവല അനുരാഗവാദിയായി തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത നിലനില്‍ക്കുന്നതിനാലാണിക്കാര്യം പ്രത്യേകം എടുത്തു പറയുന്നത്. ‘മൂസാ നബിയും ആട്ടിടയനും’ എന്ന ശീര്‍ഷകത്തില്‍ ‘മസ്നവി‘യിലുള്ള ഒരു കഥ ഈ തെറ്റിദ്ധരിപ്പിക്കലിന് സഹായകമായി എടുത്തുദ്ധരിക്കാറുമുണ്ട്. നിഷ്കളങ്കനാ‍യ ഇടയന്‍ തന്റേതായ ഭാഷയില്‍ ദൈവത്തെ അഭിസം‌ബോധനചെയ്യുമ്പോള്‍ ഉപയോഗിച്ച കൊച്ചു കൊച്ചു വാക്കുകളില്‍ അരിശം പൂണ്ട മൂസാ‍നബി (അ) അയാളോട് പൊട്ടിത്തെറിച്ചു. അന്നേരം ദൈവം മൂസാ നബിയെ (അ) ഗുണ ദോഷിച്ചും ഇടയനെ പിന്തുണച്ചും സം‌സാരിക്കുന്നതാണ് രം‌ഗം. അതില്‍ ഇങ്ങനെയൊരു പരാമര്‍‌ശം കാണാം. “ഇന്ത്യക്കാര്‍ക്ക് ഇന്ത്യന്‍ ഭാഷയിലുള്ള സ്ത്രോതങ്ങളും സിന്ധുകാര്‍ക്ക് സിന്ധുഭാഷയിലുള്ള സ്ത്രോതങ്ങളുമുണ്ട്. (ഹിന്ദുവാന്‍‌റാ ഇസ്തിലാഹെ ഹിന്ദ് മദ്‌ഹ് , സിന്ധു വാന്‍‌റാ ഇസ്തിലാഹെ സിന്ധ് മദ്‌ഹ്) . വേറൊരിടത്ത് ഇങ്ങനെയും. ‘അനുരാഗത്തിന്റെ മാര്‍ഗ്ഗം എല്ലാ മതങ്ങളില്‍ നിന്നും വേറിട്ടാണ്. അനുരാഗികള്‍ക്ക് മാര്‍ഗ്ഗവും മതവും ദൈവം തന്നെയാണ് ‘. ഇനിയുമൊരിടത്ത് അനുരാഗത്തിന്റെ അഭാവത്തില്‍ വിശ്വാസം അവിശ്വാസമായിത്തീരുന്നതും അനുരാഗത്തിന്റെ സാന്നിദ്ധ്യത്തില്‍ അവിശ്വാസം വിശ്വാസമായിത്തീരുന്നതുമായ ചില പരാമര്‍‌ശങ്ങളും റൂമിയുടെ മസ്‌നവിയില്‍ തന്നെ വായിക്കാം.

റൂമിയെ സമഗ്രമായി വായിച്ചുകൊണ്ട് വേണം ഇത്തരം പരാമര്‍‌ശങ്ങളുടെ പൊരുള്‍ ഗ്രഹിക്കാന്‍. മുഹമ്മദീയ ദൌത്യത്തിന്റെ സ്വയം‌പര്യാപ്തതയില്‍ അടിയുറച്ചു വിശ്വസിക്കുന്ന ആളായിരുന്നു റൂമി എന്നേ അദ്ദേഹത്തെ സമഗ്രമായും മുന്‍‌വിധിയില്ലാതെയും വാ‍യിക്കുമ്പോള്‍ കണ്ടെത്താനാവുകയുള്ളൂ. മുഹമ്മദ് നബി (സ) യെ അഭിസം‌ബോധന ചെയ്തുകൊണ്ട് കവി പറയുന്നു. “അങ്ങയുടെ പ്രകാശത്തിന്റെ അഭാവത്തില്‍ ഏതു പകലും രാത്രിയാണ്. അങ്ങയുടെ സം‌രക്ഷണമില്ലെങ്കില്‍ സിം‌ഹം മുയലിനും ഇരയാവാം”. (ബീ ഫുറൂഗത്ത് റൂസ് റൂശന്‍‌ഹം ശബസ്ത്, ബീ പനാഹത്ത് ശീര്‍ അസീറെ അര്‍‌നബസ്ത്). മുഹമ്മദ് നബിയെ (സ) തന്റെ അഭിസം‌ബോധിതര്‍ക്ക് വര്‍ണ്ണിച്ച് കൊടുക്കുന്നതിനിടയില്‍ റൂമി പറയുന്നു: ‘അവിടത്തെ പരിശ്രമം ലോകത്ത് നടന്നിട്ടില്ലായിരുന്നെങ്കില്‍ നിങ്ങളെല്ലാം പൂര്‍വ്വികരെപ്പോലെ വിഗ്രഹങ്ങളെ പൂജിച്ച് കഴിയുകയായിരിക്കും ഇപ്പോഴും.’ (ഗര്‍ നബൂദി കുശീശെ അഹ്‌മദ് തുഹം , മീ പരിസ്തീദീ ചൂ അജ്‌ദാദത് സനം). മുഹമ്മദ് നബിയെ (സ) പ്രവാചക ശൃം‌ഖലയുടെ അന്ത്യമുദ്രയായി ഊന്നിപ്പറയുന്നു റൂമി. അവിടത്തെ ദേഹവിയോഗാനന്തരം ജനതയുടെ ചുക്കാനേന്താന്‍ ബാധ്യസ്ഥരായ സമുദായ നേതൃത്വത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്: ‘മുഹമ്മദ് നബിക്ക് (സ) ശേഷം ഓരോ ചരിത്ര വേളയിലും അവിടത്തെ പിന്‍‌ഗാമിയെന്നോണം ഓരോ പുണ്യപുരുഷന്‍ ഉയിര്‍ക്കൊള്ളുന്നു. ഉയിര്‍പ്പുനാള്‍ വരെ ഈ നേതൃപരമ്പര തുടരും. ജീവിച്ചിരിക്കുന്ന ഇമാമും വലിയ്യും തന്നെയായിരിക്കുമത്. അത് ഉമറിന്റെയോ അലിയുടേയോ വം‌ശത്തില്‍ നിന്നാവാം. ദൈവത്താല്‍ വഴികാണിക്കപ്പെടുന്നവനും അതിന്റെ വെളിച്ചത്തില്‍ ജനതയ്ക്ക് വഴി കാണിച്ചുകൊടുക്കുന്നവനുമാണയാള്‍. അയാള്‍ നിങ്ങളില്‍ നിന്ന് മറഞ്ഞിരിക്കും. നിങ്ങളുടെ മുമ്പിലിരിക്കുന്നയാളുമായിരിക്കും’.

ചുരുക്കത്തില്‍ ഇസ്‌ലാമിന്റെ പൊതുധാരയില്‍ നിന്നോ മതസം‌ഹിതയില്‍ നിന്നോ അണു അളവ് വ്യതിചലിക്കാത്ത , അതേ സമയം ദിവ്യാനുരാഗത്തെ മൂലധാരമായിക്കണ്ട ഒരു സൂഫീ കവി എന്ന നിലയില്‍ നിന്ന് വേര്‍പ്പെടുത്തി റൂമിയെ അവതരിപ്പിക്കുന്നത് അദ്ദേഹത്തോട് ചെയ്യുന്ന അനീതിയാണ്. ശരീഅത്തിനെ അവഗണിക്കാന്‍ ഏതെങ്കിലും സൂഫി തയ്യാറായാല്‍ പ്രവാചകനുമായി വേര്‍പെട്ട ഒരു മാര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാണ് അയാള്‍ തയ്യാറാകുന്നത്. കാരണം , പ്രവാചക മതം ശരീഅത്തിലധിഷ്ഠിതമായുള്ള സത്യാന്വേഷണത്തേയും സത്യസാത്മ്യത്തേയുമാണ് പ്രചോദിപ്പിക്കുന്നത്. ഉയിര്‍പ്പുനാളില്‍ വിചാരണ നടക്കുന്നത് ശരീഅത്ത് മുന്‍‌നിര്‍ത്തിയായിരിക്കും. സ്വര്‍ഗ്ഗ പ്രവേശനത്തിനും നരക വിമുക്തിക്കും നിദാനം ശരീഅത്തിനനുസൃതമായുള്ള ജീവിതമായിരിക്കും. പക്ഷേ, സൂഫി ഇസ്‌ലാമിന്റെ ചൈതന്യത്തെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന കാര്യം ശ്രദ്ധേയമാണ്. അതിനാല്‍, രൂപമല്ല , അയാള്‍ക്ക് പ്രധാനം. രൂപം ചൈതന്യത്തെ നിലനിര്‍ത്താനായിരിക്കും. ചിലപ്പോള്‍ രൂപം തന്നെ ചൈതന്യത്തില്‍ നഷ്ടപ്പെടുമായിരിക്കും. ഇത് ശരീഅത്തിനെ അഥവാ പ്രവാചക മാര്‍ഗ്ഗത്തെ കൂടുതല്‍ അഗാധമാക്കുന്നേയുള്ളൂ. അനുരാഗത്തിന്റെ തലമാണല്ലോ കൂടുതല്‍ അഗാധം. അതത്രേ റൂമിയുടെ മാര്‍ഗ്ഗം. മറ്റൊന്നുമല്ല. ഇവിടെയാണ് ഗസ്സാലിയും റൂമിയും വ്യത്യസ്തരാകുന്നത്. ഗസ്സാലിയുടേത് സാഹിദിന്റെ (പരിത്യാഗി) മാര്‍ഗ്ഗവും റൂമിയുടേത് ആശിഖിന്റെ (അനുരാഗി) മാര്‍ഗ്ഗവുമാണ്. അനുരാഗത്തിന്റേത് ഒരുതരം കാന്തശക്തിയാണ്. ഒരു കിണറ്റില്‍ വീണ ഇരുമ്പുപകരണം കിണറ്റില്‍ ക്ലേശിച്ച് ഇറങ്ങിയെടുക്കുന്നതില്‍ ത്യാഗമുണ്ട്. എന്നാല്‍ ഒരു കാന്തത്തിന്റെ കഷ്ണം കെട്ടിത്താഴ്ത്തി അതെടുക്കുക നിഷ്പ്രയാസമാണ്. ഇതുപോലൊരു വ്യത്യാസമാണ് സുഹ്ദിനും ഇശ്‌ഖിനുമിടയിലുള്ളത്. ദൈവവുമായുള്ള കാന്തികബന്ധമാണ് ഇശ്‌ഖ്. അതുവഴി ഏതുപ്രയാസത്തെയും ആശിഖിന് നിഷ്പ്രയാസം തരണം ചെയ്യാവുന്നതാണ്.

( സി. ഹംസ. സം‌സ്കാരിക പൈതൃകം റൂമീ പതിപ്പ്, ജൂണ്‍ 2007)

5 comments:

വിദുരര്‍ said...

ഇത്തരം ശ്രമങ്ങള്‍ ഉപകാരപ്രദമാണ്‌

നിങ്ങളുടെ Email ID തരുമോ ? ബന്ധപ്പെടാമോ ?

Vidhurar@gmail.com

വല്യമ്മായി said...

ഈ ലേഖനം പങ്ക് വെച്ചതിനു വളരെ നന്ദി.

VADAKKEKAD said...

ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍
-റൂമി

അല്ലയോ മുസല്‍മാന്മാരെ,
ഞാനെന്തു ചെയ്യാന്‍!
...ഞാനിനിയും എന്നെ
തിരിച്ചറിഞ്ഞിട്ടില്ല.
ഞാന്‍ ക്രിസ്ത്യാനിയോ,
ജൂതനോ അല്ല.
പാഴ്സിയോ,മുസല്‍മാനോ അല്ല.
കിഴക്കുനിന്നോ,പടിഞ്ഞാറുനിന്നോ
വന്നവനല്ല ഞാന്‍.
കരയില്‍ നിന്നോ,കടലില്‍നിന്നോ
അല്ല എന്റെ വരവ്.
ഞാന്‍ കറങ്ങുന്ന ഗോളങ്ങളില്‍ നിന്നോ,
പ്രകൃതിയുടെ ഘനികളില്‍ നിന്നോ അല്ല.
ഞാന്‍ വരുന്നത് മണ്ണില്‍ നിന്നോ, ജലത്തില്‍നിന്നോ,
തീയില്‍ നിന്നോ,കാറ്റില്‍ നിന്നോ അല്ല.
ഞാന്‍ സ്വര്‍ഗ്ഗീയനോ ധൂളിയോ അല്ല.
എനിയ്ക്കു നിലനില്പ്പോ അസ്തിത്വമോ ഇല്ല.
ഞാന്‍ ഭാരതീയനോ.ചീനനോ.
ബല്ഗേരിയനോ,സ്പെയിന്കാരനോ അല്ല.
ഞാനീ ലോകത്തോ,പരലോകത്തോ ,
സ്വര്‍ഗ്ഗത്തിലോ ,നരകത്തിലോ അല്ല.
ആദമോ,ഹവ്വയോ അല്ല.
ഏദനിലെയോ ,റിസ്വാനിലെയോ അല്ല.
സ്ഥലമില്ലായ്മയാണെന്റെ സ്ഥലം.
അടയാളമില്ലായ്മയാണെന്റെ അടയാളം.
ഞാന്‍ ദേഹിയോ,ദേഹമോ അല്ല.
എന്തെന്നാല്‍ ഞാന്‍ പ്രിയന്റെ
ആത്മാവിനു സ്വന്തം.

ഞാനെന്‍റെ ദ്വൈത മുപേക്ഷിച്ചവന്‍.
രണ്ടുലോകങ്ങളെയും
ഒന്നായി കാണുന്നവന്‍.
ഞാന്‍ തേടുന്നതും,കാണുന്നതും,
അറിയുന്നതും,വിളിയ്ക്കുന്നതും
ആ ഒന്നിനെ മാത്രം!
ആദ്യവും,അന്ത്യവും,അകവും,പുറവും
അവന്‍ മാത്രം!
അവനെയല്ലാതെ മറ്റൊന്നും
ഞാനറിയുന്നില്ല.
പ്രണയത്താല്‍ ഉണ്മ്മത്തനായ
എന്റെ കൈകളില്‍ നിന്ന്
രണ്ടുലോകങ്ങളും വഴുതിവീണു.
ഇപ്പോഴെനിയ്ക്ക് ചെയ്യാനുള്ളത്
മദോന്മ്ത്തനായി ആഘോഷിയ്ക്കല്‍ മാത്രം.
ഇന്ന് ഞാന്‍ നിന്നില്‍നിന്നകന്ന്
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ ജന്മം മുഴുവന്‍
പ്ശ്ചാതപിയ്ക്കും.
നിന്നോടൊപ്പം
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ രണ്ടുലോകങ്ങളെയും
ചവിട്ടിമെതിച്ചാനന്ദ നൃത്തമാടും.
ഓ തബ്രീസിലെ ഷംസ്,
ഞാനീ ലോകത്ത് മദോന്മ്ത്തനാണ് .
മാധുപാനത്തിന്റെയും,ആഘോഷതിന്റെയു -
മല്ലാതെ മറ്റു കഥകള്‍ എനിയ്ക്കിന്നു
ചൊല്ലാനില്ല.

VADAKKEKAD said...

ഞാന്‍ ദ്വൈതമുപേക്ഷിച്ചവന്‍
-റൂമി

അല്ലയോ മുസല്‍മാന്മാരെ,
ഞാനെന്തു ചെയ്യാന്‍!
...ഞാനിനിയും എന്നെ
തിരിച്ചറിഞ്ഞിട്ടില്ല.
ഞാന്‍ ക്രിസ്ത്യാനിയോ,
ജൂതനോ അല്ല.
പാഴ്സിയോ,മുസല്‍മാനോ അല്ല.
കിഴക്കുനിന്നോ,പടിഞ്ഞാറുനിന്നോ
വന്നവനല്ല ഞാന്‍.
കരയില്‍ നിന്നോ,കടലില്‍നിന്നോ
അല്ല എന്റെ വരവ്.
ഞാന്‍ കറങ്ങുന്ന ഗോളങ്ങളില്‍ നിന്നോ,
പ്രകൃതിയുടെ ഘനികളില്‍ നിന്നോ അല്ല.
ഞാന്‍ വരുന്നത് മണ്ണില്‍ നിന്നോ, ജലത്തില്‍നിന്നോ,
തീയില്‍ നിന്നോ,കാറ്റില്‍ നിന്നോ അല്ല.
ഞാന്‍ സ്വര്‍ഗ്ഗീയനോ ധൂളിയോ അല്ല.
എനിയ്ക്കു നിലനില്പ്പോ അസ്തിത്വമോ ഇല്ല.
ഞാന്‍ ഭാരതീയനോ.ചീനനോ.
ബല്ഗേരിയനോ,സ്പെയിന്കാരനോ അല്ല.
ഞാനീ ലോകത്തോ,പരലോകത്തോ ,
സ്വര്‍ഗ്ഗത്തിലോ ,നരകത്തിലോ അല്ല.
ആദമോ,ഹവ്വയോ അല്ല.
ഏദനിലെയോ ,റിസ്വാനിലെയോ അല്ല.
സ്ഥലമില്ലായ്മയാണെന്റെ സ്ഥലം.
അടയാളമില്ലായ്മയാണെന്റെ അടയാളം.
ഞാന്‍ ദേഹിയോ,ദേഹമോ അല്ല.
എന്തെന്നാല്‍ ഞാന്‍ പ്രിയന്റെ
ആത്മാവിനു സ്വന്തം.

ഞാനെന്‍റെ ദ്വൈത മുപേക്ഷിച്ചവന്‍.
രണ്ടുലോകങ്ങളെയും
ഒന്നായി കാണുന്നവന്‍.
ഞാന്‍ തേടുന്നതും,കാണുന്നതും,
അറിയുന്നതും,വിളിയ്ക്കുന്നതും
ആ ഒന്നിനെ മാത്രം!
ആദ്യവും,അന്ത്യവും,അകവും,പുറവും
അവന്‍ മാത്രം!
അവനെയല്ലാതെ മറ്റൊന്നും
ഞാനറിയുന്നില്ല.
പ്രണയത്താല്‍ ഉണ്മ്മത്തനായ
എന്റെ കൈകളില്‍ നിന്ന്
രണ്ടുലോകങ്ങളും വഴുതിവീണു.
ഇപ്പോഴെനിയ്ക്ക് ചെയ്യാനുള്ളത്
മദോന്മ്ത്തനായി ആഘോഷിയ്ക്കല്‍ മാത്രം.
ഇന്ന് ഞാന്‍ നിന്നില്‍നിന്നകന്ന്
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ ജന്മം മുഴുവന്‍
പ്ശ്ചാതപിയ്ക്കും.
നിന്നോടൊപ്പം
ഒരു നിമിഷം കഴിഞ്ഞാല്‍
ഞാനീ രണ്ടുലോകങ്ങളെയും
ചവിട്ടിമെതിച്ചാനന്ദ നൃത്തമാടും.
ഓ തബ്രീസിലെ ഷംസ്,
ഞാനീ ലോകത്ത് മദോന്മ്ത്തനാണ് .
മാധുപാനത്തിന്റെയും,ആഘോഷതിന്റെയു -
മല്ലാതെ മറ്റു കഥകള്‍ എനിയ്ക്കിന്നു
ചൊല്ലാനില്ല.

Unknown said...

TNX