Saturday, August 30, 2008

യതി മൊഴിഞ്ഞ റൂമീകഥകള്‍

മൌലാനാ ജലാലുദ്ധീന്‍ റൂമിയുടെ ആത്മീയസാരൂപ്യത്തെയും കാവ്യസൗരഭത്തെയും അതീവ ലാവണത്തോടെ ആദ്യമായി മലയാളത്തിന്‌ പകര്‍ന്നുനല്‍കിയത് ഗുരു നിത്യചൈതന്യ യതിയാണ്‌. തനതായ യൌഗികതയും കവിത്വവും സമന്വയിച്ച ഒരാള്‍ക്ക് മാത്രമേ യഥാര്‍ത്ഥരൂപത്തില്‍ റൂമിയെ പ്രകാശിപ്പിക്കാനാവൂ. അതിന്റെ ഭാഷയും അര്‍ത്ഥഗരിമയും അത്ര അഗാധമാണ്‌.
ദിവ്യപ്രണയത്തിന്റെ സാഗരങ്ങളെ ആത്മാവില്‍ വഹിക്കുന്ന ഒരാള്‍ മൊഴിയുന്ന വാക്കും മൊഴിയാതെയൊളിപ്പിച്ച മൗനവും പ്രണയത്തിന്റെ സാന്ദ്ര ശ്രുതികളയിരിക്കും. മസ്നവിയിലെ റൂമിയുടെ വചസ്സുകള്‍ അത്രമാത്രം ഹൃദയാന്തരത്തെ പ്രണയാര്‍ദ്രമാക്കുന്നതാണ്‌. ധ്യാനത്തിന്റെ അലൗകിക സ്വരങ്ങളെ അത് ആത്മാവിന്‌ പകര്‍ന്നു നല്‍കുന്നു. കവിതയും പ്രണയവും ധ്യാനവും ആത്മാവിന്റെ പ്രകാശനവഴികളായവര്‍ക്ക് മാത്രമേ റൂമീവചസ്സുകളെ ഹൃദയ വിനിമയം ചെയ്യാനാവൂ.
അനന്യമായ ഭാഷയില്‍ സ്വപ്നസന്നിഭമായ കാവ്യലയത്തോടെ പ്രണയത്തിന്റെയും ധ്യാനത്തിന്റെയും അക്ഷരങ്ങള്‍ ചേര്‍ത്തുവെച്ച് 'റൂമി പറഞ്ഞ കഥകള്‍' സം‌രചിച്ചിരിക്കുന്നു നിത്യചൈതന്യയതിയും ശിഷ്യയായ അഷിതയും. സംഗീതാത്മകമായ സ്വരധാരയില്‍ ഒരായിരം വസന്തങ്ങള്‍ ഒരുമിച്ച് വരുന്നതു പോലുള്ള ഹൃദയാവസ്ഥയാണ്‌ 'റൂമി പറഞ്ഞ കഥകള്‍' അനുവാചകന്ന് ന്‍ല്‍കുന്നത്. എന്നാല്‍ റൂമിയുടെ മസ്നവിയെ സമ്പൂര്‍ണ്ണമായി ഹൃദയാനുരാഗികള്‍ക്ക് വിരുന്നായൊരുക്കാന്‍ കാലം ഗുരുവിനെ അനുവദിച്ചില്ല.
പൂക്കള്‍ വിരിയുമ്പോഴും പക്ഷികള്‍ പാടുമ്പോഴും മഴ വര്‍ഷിക്കുമ്പോഴും ആത്മാവിന്റെ ആഴങ്ങളില്‍ കുളിര്‍ പെയ്ത് കൊണ്ട് പരിലസിക്കുന്ന വസന്തസൂനങ്ങള്‍ പോലെയാണ്‌ റൂമിയുടെ വാക്കുകള്‍. ജാഗ്രത്തും സ്വപ്നവുമറിയാത്ത ഹൃദയസാഗരത്തിന്നാഴങ്ങളില്‍ ധ്യാനിച്ച് ധ്യാനിച്ച് രൂപം കൊള്ളുന്ന മുത്തുച്ചിപ്പിയിലെ മുത്തായി മാറുന്നു അലൗകിക ശ്രുതിയുള്ള ആ അക്ഷരങ്ങള്‍. ധ്യാനപൂര്‍ണ്ണിമയും മൗനശ്രുതികളും ആത്മാവിലനുഭവിച്ച ഋഷിയായ കവിക്ക് മാത്രമേ ആ അനശ്വര രാഗങ്ങളെ തന്റെ തംബുരുവില്‍ മീട്ടാനാവൂ.ഗുരു നിത്യചൈതന്യയതിയുടെ ഹൃദയവിപഞ്ചികയില്‍ റൂമിയുടെ സ്വരരാഗങ്ങള്‍ ശ്രുതി ചേരുകയായിരുന്നു. ആ വിലയനത്തിലെവിടെയോ പാര്‍സിയും മലയാളവും തമ്മില്‍ അന്തരമില്ലാതായി. ആ അത്യപര്‌വ്വ നിമിഷങ്ങളില്‍ യതി റൂമിയുടെ സാത്മ്യം പൂകി. ആ നിമിഷങ്ങളിലെ അഷിതയുടെ ശിഷ്യ ഹൃദയത്തിന്‌ സമ്മാനിച്ചതാവാം, റൂമിയെ മൊഴിഞ്ഞപ്പോള്‍ അവരുടെ അക്ഷരങ്ങളിലും പ്രകാശം നിറഞ്ഞത്.
ഒരു സായംസന്ധ്യയില്‍ പെട്ടെന്ന് ആകാശം മേഘാവൃതമായി. ഏതോ ഹൃദയസ്വരങ്ങളില്‍ നിര്‌വൃതി കൊണ്ട മേഘങ്ങള്‍ നൃത്തം ചെയ്തു. അവ അറിയാതെ വര്‍ഷിച്ചു പോയി.
"ബാദല്‍ നാച്ച്താഹേ , തോബാരിശ് ക്യാ കരേ..."(മേഘങ്ങള്‍ നൃത്തം ചെയ്താല്‍ മഴ വര്‍ഷം എന്തു ചെയ്യാന്‍...?)
നാല്പ്പത്താറു വര്‍ഷം നൊഞ്ചോടടുക്കിപ്പിടിച്ച ഒരു അനശ്വര ഗ്രന്ഥത്തിലെ ഒരായിരം വസന്തങ്ങള്‍ക്ക് നിദാനമായ വാക്കുകള്‍ യതിയുടെ ഹൃദയത്തില്‍ നിന്ന് മഴവര്‍ഷമായി പെയ്തിറങ്ങുകയായിരുന്നു. റൂമിയുടെ സൂഫീനൃത്തത്തെ ആ വിശുദ്ധാത്മാവില്‍ നിന്ന് ഒരു കുളര്‌വര്‍ഷമായി നമുക്ക് ലഭിച്ചു.അതിലെ ഓരോ വാക്കും വാക്കുകള്‍ക്കിടയിലെ മൗനശ്രുതികളും അതിനകത്തോളിച്ചുവെച്ച ആകാശങ്ങളും ഹൃദയാനുഗാമികള്‍ക്ക് അനുഭാവിക്കാന്‍ മാത്രം . യുക്തിയുടെയും ബുദ്ധിയുടെയും മൂല്യനിര്‍ണ്ണയത്തിനിതിലിടമില്ല. ഹൃദയാന്തരത്തിലറിയാതുറവെടുക്കുന്ന രാഗനിര്‌ത്ഡരിയുടെ ആര്‍ദ്ര ഗീതികള്‍ക്ക് ഹൃദയം അര്‍ച്ചനയായി നല്‍കാതെ ഒരു പ്രണയകാമിക്കും ഈ വഴി കടന്നു പോകാനാവില്ല.പ്രണയസമ്പൂര്‍ണ്ണതയുടെ നിറവായ , താളനിബിദ്ധതയുടെ ഛന്ദസ്സാര്‍ന്ന ലയമായ റൂമീസ്വരങ്ങള്‍ പ്രകാശവര്‍‌ണ്ണങ്ങളില്‍ പ്രണയാക്ഷരങ്ങളഅയി പകര്‍ന്നു തരാന്‍ ഗുരുവിനു സാധിച്ചിരിക്കുന്നു. റൂമിയുടെ യഥാര്‍‌ത്ഥ അനുഗാമിയായ യതിയോളം മറ്റാര്‍ക്കാണ്‌ ഇത് സാധിതമാകുക?. 'കഴിഞ്ഞ നാല്പത്താറ് വര്‍ഷമായി ഞാന്‍ ഒരു ദിവസം പോലും മൗലാനാ ജലാലുദ്ധീന്‍ റൂമിയുടെ മസ്നവി എന്ന വിശിഷ്ട ഗ്രന്ഥത്തെ വിട്ടുപിരിഞ്ഞ് ജീവിച്ചിട്ടില്ല. ലോകത്ത് എവിടെയെല്ലാം ഞാന്‍ പോയോ അവിടെയെല്ലാം എന്റെ മേശപ്പുറത്ത് മസ്നവി ഉണ്ടായിരുന്നു.
ഒരു ഭാരതീയനായ സനാതനി ശ്രീമത് ഭഗവത് ഗീതയും സത്യക്രിസ്ത്യാനി സുവിശേഷം എന്നറിയപ്പെടുന്ന പുതിയ നിയമവും ദയാപരനായ അല്ലാഹുവിനെ ഹൃദയത്തില്‍ വെച്ച് വാഴ്ത്തുന്ന മുസ്‌ലിം വിശുദ്ധ ഖുര്‍‌ആനും എത്ര ആഴത്തിലുള്ള വിശ്വാസത്തോട് കൂടീയാണോ പൂര്‍‌ണ്ണഹൃദയത്തോടെ വായിക്കുകയും അതില്‍ നിന്നു ആത്മസാധനം നേടുകയും ചെയ്യന്നത് , ആ തരത്തിലുള്ള ദൃഢാനുരാഗത്തോടെയാണ്‌ ഞാന്‍ മസ്നവിയിലെ പ്രകടമായ വാക്യങ്ങളേയും അപ്രകടമായ ധ്വനികളേയും ദിവസം ഒരു വരിയെങ്കിലും വായിച്ച് ധ്യാനിച്ച് ജീവിച്ച് പോന്നിട്ടുള്ളത്. എന്നെ സംബന്ധിച്ചിടത്തോളം ജലാലുദ്ധീന്‍ റൂമി വെറുമൊരു മൗലാനയോ സൂഫിയോ വിശുദ്ധ ഖുര്‍‌ആന്റെ ഉത്തമ വ്യാഖ്യാതാവോ പേര്‍‌ഷ്യന്‍ കവികളില്‍ അഗ്രഗണ്യനോ ഒന്നുമല്ല. എന്റെ ഹൃദയത്തിന്റെ സ്പന്ദനതാളലയം തന്നെയാണ്‌. ഈ ജീവിത്തില്‍ വേറൊരാളെയും ഞാന്‍ ഇതിലുപരി സ്നേഹിക്കുകയോ പിന്‍പറ്റുകയോ ചെയ്തിട്ടില്ല.എന്റെ പേനയിലെ മഷി വറ്റിത്തുടങ്ങി. പ്രാണനത്തിന്റെ സംഖ്യ കുറഞ്ഞുവരുന്നു. ഇനി എത്ര പൂര്‍‌ണ്ണേന്ദുവിനെ കാണുമെന്ന് അറിഞ്ഞുകൂടാ. എന്നാലും എന്റെ ജീവിതത്തില്‍ ബാക്കി വരുന്ന ദിവസങ്ങളില്‍ എത്രകണ്ട് റൂമിയുടെ അമൃതവാണീ മാതൃഭാഷയായ മലയാളത്തിലേക്ക് ആവാഹിച്ച് കൊണ്ടുവരാമോ അത്രയും ചെയ്യണമെന്നാണ്‌ എന്റെ താല്പര്യം.ലോകോത്തരന്മാരായ വന്ദ്യഗുരുക്കന്മാരുടെ പാദങ്ങളില്‍ വിനിയത്തോടെ ഇരുന്ന് ശ്രദ്ധയോടെ അവരുടെ ദിവ്യവചസ്സുകള്‍ ഞാന്‍ കേട്ട് പഠിച്ചിട്ടുണ്ട്. അവരില്‍ നിന്ന് ഞാന്‍ പഠിച്ചിട്ടുള്ളത് പോലും എനിക്ക് കൂടുതല്‍ അവാച്യസുന്ദരമായിത്തീര്‍‌ന്നിട്ടുള്ളത് , ജലാലുദ്ധീന്‍ റൂമിയുടെ ദൃഷ്ടിയോടുകൂടി അവര്‍ മൊഴിഞ്ഞിട്ടുള്ള അമൃതവാണികളും പൂര്‍ണ്ണഹൃദത്തോടെ അവരൊക്കെ നല്‍കിയിട്ടുള്ള ധ്യാനങ്ങളും എന്റെ ആത്മാവില്‍ പുനരാവിഷക്കരിക്കയാലാണ്‌.
പ്രിയപ്പെട്ടവരെ, അദ്ധേഹം ഒരു മനുഷ്യന്‍ തന്നെ. പൂര്‍‌ണ്ണനായ ഒരു മനുഷ്യന്‍. എന്നാല്‍ അദ്ദേഹത്തിനു തുലുനായ ഒരു മനുഷ്യനെ ഞാന്‍ എവിടെയും കണ്ടിട്ടില്ല. അതുകൊണ്ട് നിങ്ങള്‍ ഏവരും ഏറ്റവും മനനപ്രധാനമായ ധ്യാനത്തിനു ജലാലുദ്ദിന്‍ റൂമിയുടെ ഈ ദിവ്യവാണികള്‍ വായിക്കണം എന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്‌. ഈ അഭ്യര്‍ഥനയോടുകൂടി അല്ലയോ ഹൃദയത്തിനെ ആരാധകരഅയവരേ, നിങ്ങള്‍ക്ക് നിറഞ്ഞ സ്നേഹത്തോടുകൂടി ഇത് അവതരിപ്പിച്ച് കൊള്ളുന്നു."
(സിദ്ദിഖ് മുഹമ്മദ്, സാംസ്കാരിക പൈതൃകം റൂമീ പതിപ്പ്)

Friday, August 29, 2008

എക്സ്പെയറി ഡേറ്റ് കഴിഞ്ഞാല്‍

കോഴിക്കോട്ടെ അമ്മായിഅമ്മമാര്‍‌ക്ക് പെണ്‍‌മക്കളുടെ പുതിയാപ്പിളമാരോട് അതിരറ്റ വാത്സല്യമാണ്‌.മകളോടുള്ള സ്നേഹം മുഴുവന്‍ അമ്മ അവളുടെ ഭര്‍ത്താവില്‍ ചൊരിയുന്നു. അയാള്‍ക്ക് വിരുന്നൊരുക്കിയമ് ആദരണീയനായ അതിഥിയായി അയാളെ ജീവിതകാലം മുഴുവന്‍ നിലനിര്‍ത്തിയും അവര്‍ സായൂജ്യമടയുന്നു

തെക്കേപ്പുറം എന്നു വിളിക്കപ്പെടുന്ന കുറ്റിച്ചിറയിലെ തറവാട്ടിലെ ഒരു അമ്മായിഅമ്മയെ അറിയാം. ജോലി അല്പം അകലെ ആയതുകൊണ്ട് ആഴ്ചയില്‍ മാത്രം മണിയറയിലെത്തുന്ന മകളുടെ മണവാളന്‌ നെയ്ച്ചോറോ ബിരിയാണിയോ ഉണ്ടാക്കിക്കൊടുക്കാത്ത ഒരു രാത്രി പോലും അവരുടെ ജീവിതത്തില്‍ കഴിങ്ങുപോയിട്ടില്ല. പാണ്ടിക ശാലയിലെ കണക്കെഴുത്തു പണി തന്റെ ഭര്‍ത്താവിനു നഷ്ടമായപ്പോള്‍ , അദ്ദേഹത്തിനും തനിക്കം കഞ്ഞിയും പുഴുക്കും വിളമ്പിയപ്പോഴും മരുമകന്റെ പ്ലേറ്റില്‍ പൊരിച്ച കോഴിയോ മീനോ ഉണ്ടായിരുന്നു. പുതിയാപ്പിളക്ക് അക്കാലത്ത് ചെറിയ ജോലി ആയതു കൊണ്ട് ,അധികമൊന്നും ചിലവിന്‌ അവിടെ കൊടുക്കറുണ്ടായിരുന്നില്ല താനും. ചിലപ്പോഴെങ്കിലും അയാള്‍ ഓസിപ്പുതിയാപ്പിള ആകാറുണ്ടായിരുന്നു. അപ്പൊഴെല്ലാം തന്റെ പരവശമായ മുഖത്തെ പുഞ്ചിരിയുടെ പാല്പ്പാത മായതെ ആ അമ്മായിഅമ്മ വിമ്പിക്കൊണ്ടിരുന്നു. കാലം കഴിഞ്ഞപ്പോള്‍ , ഒരു കേസ് തോറ്റതുകൊണ്ട് തറവാട് ഷെയറുപിരിഞ്ഞു വില്‍ക്കേണ്ടി വന്നു. മരുമകന്‍ ആ സമയമാകുമ്പോഴേക്കും പച്ചപിടിച്ചിരുന്നു. മരുമകനും മകളും നാലഞ്ചു മുറികളുള്ള ഒരു വീട് പണിതിട്ടും ഉപ്പായും ഉമ്മായും ഇപ്പോള്‍ വാടകക്കെടുത്ത കൊച്ചു വീട്ടീല്‍ തനിച്ച് കഴിയുകയാണ്‌. മരുമകനും മകളും ആ വയോധികരെ കാര്‍ന്നുതിന്നുന്ന ഏകാന്തതയെപ്പറ്റി വ്യാകുലപ്പെടുന്നില്ല. മാത്രമല്ല , അതവരുടെ വിഷയമേ ആകുന്നില്ല.

ജീവിതകാലം മുഴുവന്‍ മക്കള്‍ക്ക് വേണ്ടീ ഹോമം ചെയ്തിട്ട് , ഒടുവില്‍ വലിച്ചെറിയപ്പെടാനാണ്‌ നമ്മുടെ നാട്ടിലെ എത്രയോ വ്ര്‌ദ്ധരുടെ വിധി. പേപ്പര്‍, പ്ലാസ്റ്റിക് കപ്പുകളും പ്ലേറ്റുകളും വന്ന ശേഷം ക്രോക്കറികള്‍ കഴുകിവെക്കുന്നത് നമുക്ക് ഭാരമായിരുക്കുന്നു. ഉപയോഗം കഴിഞ്ഞാല്‍ വലിച്ചെറിയുക. സൗകര്യമാണ്‌ നമുക്ക് പ്രധാനം. ബുദ്ധിമുട്ടൊഴിവാക്കി എങ്ങനെ ജീവിക്കാം എന്നതിന്റെ പരിശീലനം നേടിക്കൊണ്ടിരിക്കുകയാണോരോ ചെറുപ്പക്കാരനും. വലിച്ചെറിയാന്‍ ചവരറ്റുകൊട്ടകളുണ്ട്. വയസ്സായവരെ വലിച്ചെറിയാനുള്ള വേസ്ബാസ്ക്കറ്റുകളാണ് ഓരോ വ്ര്‌ദ്ധ സദനവും. അണുകുടുംബങ്ങളാണിന്നഭികാമ്യം. ശരിക്കും നമ്മുടേത അണുകുടുംബങ്ങളല്ല. അണുബാധിച്ച കുടുംബങ്ങളാണ്‌. മാരകമായ രോഗാണു. സ്നേഹം പ്രയോജനത്തിനു മാത്രമുള്ള പരസ്യ വാചകങ്ങളായിരുക്കുന്നു. "നിങ്ങളുടെ സംത്ര്‌പ്തിയാണ്‌ ഞങ്ങളുടെ സായൂജ്യം" എന്ന് നാം മറ്റുള്ളവരോട് പറഞ്ഞ് കൊണ്ടീരിക്കുന്നു.

സഊദി അറേബ്യയിലെ തുറമുഖ പട്ടണത്തില്‍, രണ്ടുവര്‍ഷങ്ങളോളം പണിയൊന്നും കിട്ടാതെ അലയേണ്ടിവന്ന ബിരുദാനതര ബിരുദധാരിയായ ഒരു സുഹ്ര്‌ത്തിന്‌ ഒടുവില്‍ ജോലി കിട്ടി. എന്തായിരുന്നെന്നോ ലാവണം. കാലാവധി കഴിഞ്ഞ പദാര്‍തഥങ്ങളുടെ പായ്ക്കറ്റുകളില്‍ തിയ്യതി മാറ്റി ഒട്ടിക്കുക. നിയമപാലനത്തില്‍ കണിശതയുള്ള ഈ രാജ്യത്തും മലയാളി തന്റെ വക്ര ബുദ്ധി പ്രയോഗിക്കുകയായിരുന്നു. അങ്ങനെ ചെറിയൊരു വിലയിളവില്‍ വില്പ്പനക്ക് ലൈസന്‍സ് കിട്ടിയ എക്സ്പയറി ഡേറ്റ് കഴിഞ്ഞ ആ ഭക്ഷ്യവസ്തുക്കള്‍ ചൂടപ്പം പോലെ വിറ്റുപോയി. എന്തെങ്കിലും പ്രയോജനമുണ്ടായിരുന്നെങ്കില്‍ വ്ര്‌ദ്ധരായ നമ്മുടെ മാതാപിതാക്കളുടെയും എക്സ്പയറി ഡേറ്റ് നാം മാറ്റി ഒട്ടിക്കുമായിരുന്നു. അങ്ങനെ അല്ലാത്തതിനാല്‍ അവര്‍ ഓള്‍ഡേജ് ഹോമുകളിലെ അന്തേവാസികളാകുന്നു. പേയിംഗ് ഗസ്റ്റുകളും അഭികാമ്യരല്ലാത്ത അതിഥികളുമുണ്ട് ഇക്കൂട്ടത്തില്‍.

യൗവന കാലം ആഘോഷത്തിന്റേതാണ്‌. അക്കാലത്ത് ഏതു ദരിദ്രനും പ്രായത്തിന്റെ സന്തോഷമെങ്കിലുണ്ടാവും. ചെറുപ്പക്കാലത്ത് ആഹ്ലാദമില്ലാതിരിക്കുക എന്നത് വേദനാജനകമാണ്‌. എന്നാല വയസ്സുകാലത്ത് വേദനയില്ലാതിരിക്കുകയെന്നതാണ്‌ ആഹ്ലാദകരം. കാരണം ഓജസ്സ് കഴിഞ്ഞുപോയ ശരീരത്തില്‍ വ്യാധികള്‍ കൂടുകൂട്ടുന്ന കാലമാണ്‌. വ്യാധിയോടൊപ്പം ആധിയും കൂടുചേരുന്നു. അപ്പോഴാണ്‌ ആശ്വാസത്തിന്റെ കുളിര്‍കാറ്റുമായി , സന്ത്വനസ്പര്‍ശവുമായി സന്താനങ്ങളെത്തേണ്ടത്. എന്നാലവര്‍ സ്വന്തം സ്വപ്നങ്ങളെ സാക്ഷാല്‍ക്കരിക്കാനുള്ള ഭഗീരഥ പ്രയത്നത്തിലായിരിക്കും. എന്നാല്‍, നോവലിസ്റ്റ് ആനന്ദ് പറഞ്ഞത് പോലെ, സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം അറിയാതിരിക്കുന്നതാണ്‌ യുവത്വം. അതറിഞ്ഞുതുടങ്ങുമ്പോള്‍ ഒരാള്‍ വ്ര്‌ദ്ധനാകുന്നു എന്ന സത്യം അവര്‍ക്കറിയില്ലല്ലോ. കാരണം അവര്‍ യുവാകാളായിപ്പോയില്ലേ?

വാര്ധക്യമെന്നത് അവിടെയെത്തുന്നതുവരെ ആരും ചിന്തിക്കാനിഷ്ടപ്പെടാത്ത അരവസ്ഥയാണ്‌. മരണം പോലെ. അത് മറ്റുള്ളവര്‍ക്കേ വരൂ എന്ന ഒരു തോന്നല്‍ യുവാവായിരിക്കുന്ന ഓരോരുത്തര്‍ക്കുമുണ്ട്. അത്കൊണ്ടാണ് ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം , അറിയാത്ത ഭാഷ സംസാരിക്കുന്ന ഒരു വിദേശ രാജ്യമാണ്‌ വാര്‍ധക്യം എന്ന് മേ സര്‍റ്റണ്‍ പറഞ്ഞത്. ദീര്‍ഘകാലം ജീവിക്കണം , എന്നാല്‍ വയസ്സ് കൂടാന്‍ പാടില്ല എന്നാണ്‌ നമ്മുടെ ആഗ്രഹം. മരിക്കാനും പാടില്ല. അതേ സമയം സ്വര്‍ഗ്ഗത്തില്‍ പോകാന്‍ നമുക്കെല്ലാം കൊതിയുമുണ്ട്. മരണം രുചിക്കാതെ സ്വര്‍ഗ്ഗം സ്വന്തമാക്കാനും വയസ്സ് കൂടാതെ ആയുഷ്മാനാവാനും ഇഷ്ടപ്പെടാത്ത വളരെക്കുറച്ചാളുകളേ ഈ ഭൂമിയിലുണ്ടാവൂ.

നാം കൊടുക്കാത്തതൊന്നും ഈ ജീവിതത്തില്‍ നമുക്ക് കിട്ടുന്നില്ല. ബാഹ്യമായ ഒരവലോകനത്തില്‍ നിന്ന് മാറി ആഴത്തില്‍ വിശകലനം ചെയ്താല്‍ ഒരാന്തരിക നീതി ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഇന്ന് കൊടുക്കുന്നത് തിരിച്ചുകിട്ടുന്നത് നാളെ തന്നെയാവണമെന്നില്ല. കാലങ്ങള്‍ക്ക് ശേഷമാവം. മടക്കിലഭിക്കുന്നത് അത് തന്നെയാവണമെന്നുമില്ല. പക്ഷേ ഒരിക്കലതു തിരിച്ചുവരിക തന്നെ ചെയ്യും. ഓരോ കര്‍മ്മവും ഓരോ റബ്ബര്‍ പന്താണ്‌. തിരിച്ചറിഞ്ഞില്ലെങ്കിലും, അതിന്റെയോ അതിനേക്കാളോ മൂല്യമുള്ള ഒരു സമ്മാനം ഭാവിയുടെ ഗര്‍ഭത്തില്‍ ഓരോരുത്തര്‍ക്കുമായി കാത്തുവെച്ചിട്ടുണ്ട്.

നായക നടന്മാരായി പ്രശസ്തിയുടെ പാല്‍ വെളിച്ചത്തില്‍ വിളങ്ങയിരുന്നവര്‍ സൈഡ് റോളുകള്‍ കൊണ്ട് പില്‍ക്കാലത്ത് ത്ര്‌പ്തിപ്പെടേണ്ടിവരുന്നത് പോലെ, യൗവനദീപ്തിക്ക് വാര്ധക്യം എപ്പോഴും വഴിമാറിക്കൊടുക്കേണ്ടി വരുന്നു. ഒരിക്കല്‍ യുവത്വത്തിന്റെ കൈചൂണ്ടിപ്പലകകളായവര്‍ നോക്കുകുത്തികളായവരോധിക്കപ്പെടുന്നതങ്ങനെയാണ്‌. അതുകൊണ്ടു തന്നെ അവര്‍ പരിഗണന അര്‍ഹിക്കുന്നു. ഒരു പരിഗണനയും പാഴായി പോകുന്നില്ല. ഹരികുമാറിന്റെ സൂര്യ കാന്തിപ്പൂക്കള്‍ എന്ന കഥയിലെ വിത്തുകള്‍ നഷ്ടപ്പെട്ട കുട്ടിക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യകാന്തിപ്പാടങ്ങള്‍ കാണാനായത് പോലെ ഓരൊ വ്യക്തിയെ സംബന്ധിച്ചിടത്തോളം ഇത് സാധ്യമാണ്‌.

രക്ഷിതാക്കള്‍ തങ്ങള്‍ക്കു വേണ്ടി ഒന്നും കരുതിവച്ചില്ല എന്നു പരിതപിക്കുന്നവരുണ്ട്. സത്യത്തില്‍ അതവരുടെ കര്‍ത്തവ്യമല്ല. അതവരുടെ സന്മനസ്സും സന്തോഷവും മാത്രമാണ്‌. 'നമ്മുടെ യുവാക്കള്‍ക്ക് ഭാസുരമായ ഭാവി ഉണ്ടാക്കിക്കൊടുക്കാന്‍ എപ്പോഴും നമുക്ക് കഴിയണമെന്നില്ല. എന്നാല്‍ ഭാവിക്ക് വേണ്ടി യുവാക്കളെ സജ്ജരാക്കാന്‍ നമുക്ക് സാധിക്കും' എന്ന് ഫ്രാങ്ക് ലിന്‍ ഡി. റൂസ് വെല്‍റ്റ് പറയാന്‍ കാരണമതാകുന്നു.

വ്ര്‌ദ്ധന്മാരായ രക്ഷിതാക്കള്‍ വിഢികളാണെന്ന വിചാരത്തോടെയാണ്‌ കൗമാരപ്രായക്കാര്‍ സാധാരണ ഗതിയില്‍ വളരുന്നത്. അവരുടെ കുട്ടികളില്‍ അവരെപ്പറ്റിയും അങ്ങനെയാണ്‌ ചിന്തിക്കുക എന്നവര്‍ ദീര്‍ഘദര്‍ശനം ചെയ്യുന്നില്ല.

കാനേഷ് പൂനൂര്‌.സാംസ്കാരിക പൈത്ര്‌കം മാസികഓഗസ്റ്റ് രണ്ടായിരത്തി എട്ട്

Monday, August 18, 2008

റൂമീ കഥകള്‍

പ്രണയത്തിന്റെ പരവതാനി
കാമുകി കാമുകനോട് ചോദിച്ചു "നിങ്ങള്‍ വളരെയേറെ നാടുകളും നഗരങ്ങളും സഞ്ചരിച്ചതാണല്ലോ. ഇന്നേ വരെ കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും മനോഹരമായ നഗരമേതാണ്‌." കാമുകന്‍ മറുപടീ പറഞ്ഞു. "എന്റെ പ്രിയപ്പെട്ടവള്‍ താമസിക്കുന്ന നഗരം. അവള്‍ എനിക്കു വേണ്ടീ നിവര്‍ത്തുന്ന പരവതാനി എവിടെയുമാവട്ടെ, അത് ഒരു സൂചിയുടെ ദ്വാരത്തോളം ചെറുതാകട്ടെ അവിടം അതിവിസ്ത്ര്‌തമായി മാറും.
പ്രണയം വാക്കുകളില്‍, മൊഴികളില്‍ പരിരംഭണം ചെയ്യപ്പെടൂമ്പോള്‍ അവള്‍ പ്രതിവചിക്കുന്നു. "അമ്പിളി പോലെ സുന്ദരനായ എന്റെ രാജകുമാരന്‍ കിടക്കുന്ന ഇടം ഒരു കിണറിന്റെ അടിത്തട്ടാണേങ്കിലും അവിടം സ്വര്‍ഗ്ഗമായി മാറുന്നു."

------------------------------------------------------

സിംഹം

പാതിരാ കഴിഞ്ഞായിരുന്നു ആ ക്ര്‌ഷിക്കാരന്‍ അന്ന് ചന്തയില്‍ നിന്ന് തിരിച്ച് വന്നത്. വന്നപാടെ അയാള്‍ തൊഴുത്തില്‍ കാളയെ കെട്ടിയിട്ടിരിക്കുന്നിടത്ത് ചെന്നുനോക്കി. ഇരുട്ടില്‍ തൊഴുത്തിന്റെ മൂലയില്‍ കിടക്കുകയായിരുന്ന അതിന്റെ ദേഹത്ത് അയാള്‍ വത്സല്യപൂര്‌വ്വം ഉഴിഞ്ഞുകൊടുത്തു. എന്നാല്‍ കാളയെ തൊഴുത്തിലിട്ട് കൊന്നുതിന്ന ശേഷം അതിന്റെ സ്ഥാനത്ത് കിടപ്പുറപ്പിച്ച സിംഹത്തെയായിരുന്നു അയാള്‍ ലാളനാപൂര്‍‌വ്വം തലോടിക്കൊണ്ടിരുന്നത്. സിംഹം ചിന്തിച്ചു. "കുറച്ച് വെളിച്ചമുണ്ടായിരന്നെങ്കില്‍ ഈ ഇരുട്ടത്ത് ഇയാള്‍ തലോടിക്കൊണ്ടിരിക്കുന്നത് ആരെയാണേന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ - വാത്സല്യം കൊണ്ട് ത്രസിക്കുന്ന ഇയാളുടെ ഹ്ര്‌ദയം പേടിച്ച് രക്തം ചീറ്റുമായിരുന്നു. ഇയാളുടെ പിത്തകോശം പൊട്ടിപ്പോകുമായിരുന്നു.

ടി. വി .അബ്ദുര്‍റഹ്മാന്‍
സാംസ്കാരിക പൈത്ര്‌കം മാസിക
ജൂണ്‍‌ രണ്ടായിരത്തി ഏഴ്

Sunday, August 17, 2008

പ്രണയം പ്രണാമത്തിന്

പ്രണയത്തിന്റെ ആത്മത്വര ചക്രവാളത്തിലും അവസാനിക്കുന്നില്ല.അത് മറ്റേതോ പ്രപന്ച്ചത്തെ തേടിപ്പറക്കുകയാണ്. നിലാവും നക്ഷത്രവും വസന്തവും പൂക്കളും മഞ്ഞു പെയ്യുന്ന പുലരികളും കണ്‍മുന്നിലുള്ളിടത്തോളം ഹൃദയത്തിലെ പ്രണയരാപ്പാടി പാടിക്കൊണ്ടിരിക്കും .
പ്രണയത്തിന്‌ ഒരായിരം ​മുഖങ്ങളുണ്ട്. ദിവ്യതയാണ്‌ ഏറ്റവും ഉയര്‍ന്നത്. ഏറ്റവും താഴ്ന്നത് ശാരീരികതയും . പ്രണയം ഒരു സമുദ്രമാണ്. ലൈംഗികത് വെറും ദാഹവും . മാനുഷിക പ്രപന്ച്ചത്തിലെ ഏറ്റവും ഉയര്‍ന്ന പ്രകാശ വലയമാണ്‌ പ്രണയം . ദൈവിക പ്രപന്ച്ചത്തിലെ ഏറ്റവും താഴ്ന്ന പ്രകാശ വലയവും പ്രണയം തന്നെ.പ്രമാണങ്ങളല്ല, പ്രണാമത്തിലേക്കുള്ള പ്രയാണമാണ്‌ പ്രണയത്തിന്റെ പ്രാണണ്‍. ദൈവിക സിംഹാസനത്തിലേക്കുള്ള തീര്‍ത്ഥാടനമാണ്‌ പ്രണയം . ദിവ്യത തന്നെ പ്രണയമാണ്‌. ആ ദിവ്യതയെ നിത്യമായി പ്രണമിക്കലാണ്‌ പ്രണയത്തിന്റെ ദൌത്യം . പ്രണയത്തെ പ്രണമിക്കുക.
റൂമി പറഞ്ഞു.: "ഒരു യഥാര്‍ത്ഥ അനുരാഗിയുടെ പ്രണയം മാനുഷികതയില്‍ എവിടെയെല്ലാം പ്രവഹിച്ചാലും ഒടുവില്‍ യഥാര്‍ത്ഥ പ്രണയഭാജനത്തിലെത്തുക തന്നെ ചെയ്യും .
കടപ്പാട് : ഇര്‍ഫാദ് മാഗസിന്‍