Thursday, January 8, 2009

ക്ഷമാപണത്തിന്‍റെ മാസ്മരികത


തെറ്റുപറ്റുകയെന്നത് മാനുഷികവും മാപ്പു നല്‍കുക ദൈവികവുമാണെന്ന മൊഴി എത്ര അര്‍തഥവത്താണ്. എത്ര ശ്രമിച്ചാലും തെറ്റുകളില്‍ നിന്ന് മുക്തി ലഭിക്കാത്തതാണ് ജീവിതം. എന്നാല്‍ തെറ്റിനെ തിരിച്ചറിഞ്ഞ് തിരുത്തുന്നവനാണ് നന്മ നിറഞ്ഞവന്‍‌. തെറ്റുപറ്റിയാല്‍ മാപ്പപേക്ഷിക്കുകയും നമ്മോട് തെറ്റുചെയ്തവര്‍ക്ക് മാപ്പ് നല്‍കുകയും ചെയ്യുന്നവനാണ് സാത്വികന്‍.

യഥാര്‍തഥത്തില്‍ ചില നിമിഷങ്ങളാണ് തെറ്റുചെയ്യുന്നത്. പക്ഷേ , തിരുത്താന്‍ വര്‍ഷങ്ങള്‍ തന്നെ വേണ്ടിവന്നേക്കാം. ചില തെറ്റുകള്‍ യുഗാന്തരങ്ങളുടെ മനസ്താപത്തിന് ശേഷമേ തിരുത്തപ്പെടുന്നുള്ളൂ. എന്നാല്‍ ചെയ്ത തെറ്റുകളെ വളരെ എളുപ്പത്തില്‍ തിരിച്ചറിയുകയും തിരുത്തുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നവനാണ് ധിഷണ നിറഞ്ഞവന്‍. അപ്പോള്‍ ജീവിതത്തില്‍ പല മാറ്റങ്ങള്‍ക്കും തയ്യാറാവേണ്ടിവരും. മുമ്പ് പറഞ്ഞതും വിശ്വസിച്ചതും തിരുത്തേണ്ടിവരും. അങ്ങനെ തിരുത്തുന്നവനാണ് യഥാര്‍തഥ അന്വേഷകന്‍. തിരുത്തലുകളില്‍ നിന്ന് തിരുത്തലുകളിലേക്കുള്ള പ്രയാണമാണ് ഒരു ആത്മാന്വേഷിയുടെ ജീവിതം. അപ്പോള്‍ മാത്രമേ സ്വത്വത്തിന്റെ (നഫ്സ്) സഹജമായ അധമഗുണങ്ങളില്‍ നിന്ന് ഒരാള്‍ രക്ഷപ്രാപിക്കുകയുള്ളൂ.

പ്ലാറ്റോയുടെ ശിഷ്യനായ അരിസ്റ്റോട്ടില്‍ പില്‍ക്കാലത്ത് ഇങ്ങിനെ പറയാറുണ്ടായിരുന്നു. പ്ലാറ്റോ നമുക്ക് പ്രിയങ്കരനാണ്. എന്നാല്‍ സത്യം നമുക്ക് പ്ലാറ്റോയേക്കാള്‍ പ്രിയങ്കരമാണല്ലോ.

അന്വേഷകന്‍റെ വഴിത്താരയില്‍ വൈവിധ്യമാര്‍ന്ന ഘട്ടങ്ങളുണ്ടാവും. അറിവിന്‍റെയും അജ്ഞതയുടെയും അപഹാസ്യത്തിന്‍റെയും ദുരിതത്തിന്‍റെയും ഏകാന്തതയുടെയും പാലായനത്തിന്‍റെയും ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്. ലക്ഷ്യം മാറാത്ത കാലത്തോളം ഓരോ നിമിഷവും അവനു ഗുണപാഠങ്ങളായിരിക്കും. ഓരോ പുല്‍ക്കൊടിയും അവനു വഴി കാണിക്കും.

അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീരുന്ന അജ്ഞതയുടെ ഇരുട്ടില്‍ വെളിച്ചം തിരഞ്ഞ് നടന്ന കാലത്തെ തെറ്റുകള്‍ തിരിച്ചറിഞ്ഞ് തിരുത്തുമ്പോള്‍ അറിഞ്ഞതെല്ലാം അറിവില്ലായ്മയാണെന്നറിയുന്നു.ആ അറിവാണ് ജ്ഞാനത്തിലേക്കുള്ള കവാടം തുറക്കുന്നത്.

***** ******* ********* ******** ********

ഹൃദയ ഹര്‍ഷത്തിന്‍റെ വിസ്മയം.

ഒരു സൂഫീ ആശിഖ് ഇങ്ങിനെ പാടി.
ഹേ സ്വര്‍ഗമേ
നിന്നില്‍ നിറയെ ഹൂറികളും
മദ്യവുമാണ്
അതിനാല്‍ നിന്നെ പ്രദക്ഷിണം
ചെയ്യാന്‍ എനിക്ക് താല്‍‌പര്യമില്ല
എന്നാല്‍ എന്‍റെ ഹൃദയം നിറയെ
പ്രപഞ്ചങ്ങളുടെ ചക്രവര്‍ത്തിയായ
പരിശുദ്ധ റസൂലാണ് (സ).
നീ പ്രണയം ആശിക്കുന്നുവെങ്കില്‍
എന്നെ പ്രദക്ഷിണം ചെയ്യുക.

പ്രപഞ്ചങ്ങളുടെ പൊരുളായ പ്രണയ പ്രകാശത്തെ നെഞ്ചേറ്റിയവര്‍ പ്രാപഞ്ചികതയെ അതിജയിക്കുന്നു.പിന്നെ പാരത്രികയേയും. പ്രണയമൂര്‍ച്ചയുടെ വശ്യമായ മൊഴിയില്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്‍തഥ്യങ്ങളുടെ രണശോഭ ദര്‍ശിക്കുന്നവര്‍ പ്രവാചക പ്രണയത്തിലേക്ക് (സ) പ്രയാണം തുടങ്ങുന്നു.

സര്‍വ്വ ലോകവും പ്രണമിക്കുന്ന പ്രകാശകേന്ദ്രത്തെ ആത്മാവിലറിയാത്ത കാമനകളുടെ ഹൂറികള്‍ നല്‍കുന്ന സുഖ സ്വര്‍ഗ്ഗം പ്രണയാനന്ദത്തിന്റെ മുമ്പില്‍ എത്ര നിസ്സാരമെന്നു അതു തിരിച്ചറിഞ്ഞവര്‍ പാടുമ്പോള്‍ നമുക്ക് ഒരിത്തിരി ഹൃദയ ഹര്‍ഷത്തോടെ വിസ്മയിക്കുകയെങ്കിലും ചെയ്യാം.

**** ****** ******** ********** **********

നന്മ വിരിയുന്ന സ്ഥാനത്യാഗം.

ആളുകള്‍ പിന്തുടരുകയും കല്ലെറിയുകയും ചെയ്യുന്നുണ്ടെങ്കില്‍ ഓര്‍ക്കുക. അവര്‍ മോഹിക്കുന്ന അധികാരത്തിന്‍റെ അവകാശം എവിടെയോ നിങ്ങള്‍ നേടിയിട്ടുണ്ടാകും. ആ അധികാരത്തിന്‍റെ അപ്പക്കഷ്ണം വഴിയിലെറിയുന്നതുവരെ അവര്‍ നിങ്ങളുടെ പിന്നാലെയുണ്ടാവും. അനുഭവം ഗുരുവാണ്. പക്ഷെ , ഏറ്റവും നല്ല ഗുരുവല്ല. കാരണം അനുഭവത്തെ അതിജയിച്ച് മുന്നേറിയവരാണ് മഹാ മനീഷികള്‍‌. അതുകൊണ്ട് അധികാരമെന്ന ചത്ത എലിയെ കയ്യില്‍‌വെച്ച് കൊണ്ട് നിര്‍മ്മലമായി പ്രവര്‍ത്തിക്കുക വളരെ കഠിനമാണ്. ആരോപണങ്ങളുടെയും ആക്ഷേപങ്ങളുടേയുമിടയില്‍ സ്വയം തന്നെ തെറ്റായ സംശയങ്ങള്‍ തോന്നിക്കുന്ന പൈശാചികതയുടെ മധ്യത്തില്‍ അകപ്പെടും. എന്തുകൊണ്ടാണ് ഇത്രയധികം കല്ലേറുകളെന്ന് മനസ്സിലാക്കണമെങ്കില്‍ ആ അധികാരത്തില്‍ നിന്ന് മുക്തനാവണം. അപ്പോഴാണ് ആരോപണങ്ങളുടെ ഒരു രഹസ്യം തിരിച്ചറിയുക.

ഒരു സൂഫീ കഥയുണ്ട്.

ഒരു പക്ഷി ചത്ത ഒരു എലിയേയും കൊക്കിലേറ്റി പറക്കുകയായിരുന്നു.
അപ്പോള്‍ ഒരു കൂട്ടം പക്ഷികള്‍ ആ പക്ഷിയെ പിന്തുടാന്‍ തുടങ്ങി. പക്ഷി വളരെ വിഷമത്തിലായി.
എന്താണിത്? ഞാന്‍ അവരോടൊന്നും ചെയ്യുന്നില്ലല്ലോ. വെറുമൊരു ചത്ത എലിയെ കൊത്തിപ്പറക്കുന്നതിന്‍റെ പേരില്‍ എന്തിനാണിവരെന്നെ ഇത്ര സീല്‍ക്കാരത്തോടെ ആക്രമിക്കാനായി പിന്തുടരുന്നത്. ഞാന്‍ എന്തു തെറ്റാണ് അവരോട് ചെയ്തത്. പക്ഷി ആകെ അസ്വസ്ഥനായി.

മറ്റു പക്ഷികള്‍ ഈ പക്ഷിയെ കൊത്താനും മാന്തിപ്പൊളിക്കാനും തുടങ്ങി. അവസാനം മല്‍പ്പിടുത്തത്തിനിടയില്‍ ഈ പക്ഷി വാ തുറക്കുകയും എലി താഴെ വീഴുകയും ചെയ്തു. ഉടന്‍ തന്നെ എല്ലാ പക്ഷികളും എലി വീണിടത്തേക്ക് പാഞ്ഞു. അവയെല്ലാം ഈ പക്ഷിയെ മറന്നു.

ശേഷം ആ പക്ഷി ഒറ്റക്ക് ചിന്തിക്കാന്‍ തുടങ്ങി. അവരാരും എനിക്കെതിരാ‍യിരുന്നുല്ല. പിന്നീട് മറ്റുപക്ഷികള്‍ ഇതേ പക്ഷിയെ വളരെ സഹതാപത്തോടെ നോക്കുകയും ചെയ്തു. ആ ചത്ത എലിയായിരുന്നു അവരുടെ ലഷ്യം. അതിനുവേണ്ടിയാണ് അവര്‍ ആക്രമണങ്ങള്‍ നടത്തിയത്.

ചുരുക്കത്തില്‍ കസേരയാണ് പ്രശ്നം. അധികാരക്കസേരകളാണ് മനുഷ്യരെ ആരോപണങ്ങളിലേക്കും ആക്രോശങ്ങളിലേക്കും നയിക്കുന്നത്. നന്മ ചെയ്യാന്‍ ആശിക്കുന്നുവെങ്കില്‍ ആദ്യം ചത്ത എലിയെ ആസക്തരായി നില്‍ക്കുന്ന മറ്റു പക്ഷികള്‍ക്ക് എറിഞ്ഞുകൊടുക്കുക. പിന്നെ പ്രവര്‍ത്തിക്കുക.

**** ******* ********* ********** ******* *******

പ്രായത്തിന്‍റെ ദര്‍ശനം.

ഒരു ദിവസം അബൂയസീദ് ബിസ്താമിയോട് ഒരാള്‍ ചോദിച്ചു. അങ്ങേയ്ക്ക് എത്ര വയസ്സായി?

നാല് വയസ്സ്, ശൈഖ് മറുപടി പറഞ്ഞു. ഇതു കേട്ട് ആശ്ചര്യഭരിതനായ മനുഷ്യനോട് ശൈഖ് തുടര്‍ന്നു.

നാല് വര്‍ഷം മുമ്പാണ് എനിക്ക് ദിവ്യ ദര്‍ശനവും ബോധോദയവും സംസിദ്ധമായത്. അതിനുമുമ്പുള്ള എഴുപതുവര്‍ഷത്തോളം ഞാന്‍ അല്ലാഹുവിനെക്കുറിച്ചുള്ള വ്യര്‍തഥമായ ചര്‍ച്ചകളില്‍ നഷ്ടപ്പെടുത്തുകയായിരുന്നു. അതെന്‍റെ വയസ്സായി ഞാന്‍ ഗണിക്കുന്നേയില്ല.

അജ്ഞതയുടെ യുഗാന്തരങ്ങള്‍ ജ്ഞാനത്തിന്‍റെ നിമിഷങ്ങള്‍ക്ക് പകരമാവില്ല. അപ്പോള്‍ ആത്മജ്ഞാനത്തിന്‍റെ ദിവ്യ പ്രകാശം അതില്ലാത്ത കാലത്തെ സ്മരിക്കുക പോലുമില്ല. കാലവും സ്ഥലവും ഇല്ലാതാവുന്ന അനശ്വരതയുടെ അംശമായിത്തീരുന്ന ജ്ഞാനപ്രകാശനത്തിന്‍റെ മൂല്യം അമൂല്യതയുടെ മൂല്യത്തെപ്പോലും അതിജയിക്കുന്നു. അതുകൊണ്ടാണ് ഒരു ആരാധകന്‍റെ (ആബിദ്) ആരാധനയേക്കാള്‍ ആത്മജ്ഞാനി (ആരിഫ്) യുടെ ആരാധന ഒരായിരമിരട്ടി സവിശേഷതയേറിയതാകുന്നത്.

(സിദ്ദീഖ് മുഹമ്മദ്. ഇര്‍ഫാ‍ദ് മാഗസിന്‍. ജനുവരി 2009)

2 comments:

പൊട്ട സ്ലേറ്റ്‌ said...

സൂഫി കവിതയും കഥയും ഇഷ്ടപ്പെട്ടു.

എഴുതുമ്പോള്‍ മൂന്നോ നാലോ വാചകങ്ങള്‍ ഒരു പാരഗ്രാഫ് ആയി തിരിച്ചു ഇടയില്‍ ഒരു വരി ഒഴിചിട്ടെഴുതിയാല്‍ വായിക്കാന്‍ എളുപ്പമാകും. ഒരു നിര്‍ദേശം മാത്രം.

ആത്മാന്വേഷി said...

പൊട്ട സ്ലേറ്റേ നിര്‍ദ്ദേശങ്ങള്‍ക്ക് നന്ദി.