Monday, September 29, 2008

റൂമീ കവിത : നിന്‍റെ മുഖമന്വേഷിച്ച്




എന്‍റെ ജീവിതാരംഭം മുതല്‍
ഞാന്‍ നിന്‍റെ മുഖം തിരയുന്നു
എന്നാല്‍ ഇന്ന്
ഞാനത് കണ്ടെത്തിയിരിക്കുന്നു.


ഞാന്‍ തിരഞ്ഞുകൊണ്ടിരുന്ന
മുഖത്തിന്‍റെ വശ്യത , മനോഹാരിത
അളക്കാനാവാത്ത ആകര്‍ഷകത്വം
ഇന്നു ഞാന്‍ കണ്ടെത്തിയിരുക്കുന്നു.


ഇന്നലെ പരിഹസിച്ചവര്‍
ചീത്തവിളിച്ചവര്‍
എന്നെപ്പോലെ
തിരിഞ്ഞില്ലെന്നതില്‍
ഖേദിക്കുന്നു.
ഇന്നു ഞാന്‍ നിന്നെ

കണ്ടെത്തിയിരിക്കുന്നു.


നിന്‍റെ സൌന്ദ്ര്യത്തി ന്‍റ പ്രതാപത്തില്‍
ഞാന്‍ സംഭ്രമ ചിത്തനാകുന്നു.
കണ്ണുകള്‍ നിറയെ
നിന്നെ കാണാന്‍ കൊതിക്കുന്നു.


എന്‍റെ ഹൃദയം
വികാരതത്താല്‍ വെന്തിരിക്കുന്നു.
എന്‍റെ ഹൃദയമെന്നെന്നും
ഈ അത്ഭുത സൌന്ദര്യത്തെ
തിരഞ്ഞിരുന്നു..
ഇന്നു ഞാനത് കണ്ടെത്തിയിരിക്കുന്നു.


ഈ പ്രണയത്തെ
മാനുഷികമെന്നു വിളിക്കാന്‍
ഞാന്‍ ലജ്ജിക്കുന്നു.
ദൈവികമെന്നു വിളിക്കാന്‍
ഞാന്‍ ഭയക്കുന്നു.


ഒരു പുലര്‍കാല തെന്നല്പോലെ
നിന്‍റെ സൌരഭ്യ നിശ്വാസം
പൂന്തോട്ടത്തിന്‍റെ നിശ്ചലതയിലേക്ക് വന്നു.
നീ എനിക്ക് പുതിയ ജീവിതം തന്നു.
ഞാന്‍ നിന്‍റെ വെയിലാകുന്നു.
ഞാന്‍ നിന്‍റെ നിഴലാകുന്നു.


എന്‍റെ ആത്മാവ്
നിര്‍വൃതിയില്‍ നിലവിളിക്കുന്നു.
എന്‍റെ ജീവിതത്തിന്‍റെ
ഓരോ നാരിഴയും
നിന്നോട് പ്രണയത്തിലാകുന്നു.


നിന്‍റെ ജ്യോതിര്‍പ്രവാഹം
എന്‍റെ ഹൃദയത്തില്‍
തീ കൊളുത്തിയിരിക്കുന്നു.
ആകാശത്തില്‍ , ഭൂമിയില്‍
നീയെനിക്കുവേണ്ടി
കിരണങ്ങള്‍ തീര്‍ത്തിരിക്കുന്നു.


എന്‍റെ സ്നേഹാസ്ത്രങ്ങള്‍
ലക്ഷ്യത്തിലെത്തിയിരിക്കുന്നു.
ഞാന്‍ കരുണയുടെ വീട്ടിലാകുന്നു.
എന്‍റെ ഹൃദയം
പ്രാര്‍തഥനാഗേഹമാകുന്നു.



(വിവര്‍ത്തനം : അബ്ബാസ് പനക്കല്‍, പൈതൃകം റൂമീ പതിപ്പ്)