Wednesday, September 24, 2008

ആസക്തികള്‍ വിതച്ച് കോടികള്‍ കൊയ്യുന്നവര്‍


ഉപഭോഗ സംസ്കാരത്തിന്‍റെ ആഗോളീകരണം മനുഷ്യനെ ആസക്തനാക്കുകയാണ്. ആസക്തികള്‍ കൊണ്ട് ആതുരമായ ഒരു സമൂഹമായിരിക്കുന്നു നാം. വിപണിയിലെ ഏത് ഉല്പന്നവും വില്‍ക്കാനാവശ്യമായ കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങളാല്‍ നാം വശീകരിക്കപ്പെട്ടിരിക്കുന്നു. പണത്തെക്കുറിച്ചോര്‍ത്ത് വിഷമിക്കേണ്ടതില്ല. എന്തിനും ഫിനാന്‍സ് സൌകര്യവും ലഭ്യമാണ്. സ്വസ്ഥമായ ജീവിതത്തിലേക്ക് ആസക്തിയുടെ ഇര കോര്‍ത്ത സ്വപ്നങ്ങളെറിഞ്ഞ് കോടികള്‍ കൊയ്യുകയാണ് ആഗോള കച്ചവട ഭീമന്മാര്‍. ഇവിടെ മനോഹരമായ ഒരു കഥ ഓര്‍മിച്ചു പോവുകയാണ്.

ഒരു രാജാവിന് ഒരു ബാര്‍ബറുണ്ടാ‍യിരുന്നു. അയാള്‍ നിത്യവും കൊട്ടാരത്തില്‍ വന്ന് ജോലി ചെയ്യും. കൂലിയായി പതിവായി ഒരു സ്വര്‍ണ്ണനാണയവും ലഭിക്കും. എന്നും ഓരോ സ്വര്‍ണ്ണനാണയം ലഭിക്കുന്നത് കൊണ്ട് എല്ലാ ദിവസവും അത് ചിലവഴിക്കുകയും ആഹ്ലാദവാനായി ജീവിക്കുകയും ചെയ്തു. അദ്ദേഹം വളരെ സ്വസ്ഥനും സന്തോഷവാനുമായിരുന്നു. വെറും ഒരു സ്വര്‍ണ്ണനാണയം മാത്രം ലഭിക്കുന്ന ബാര്‍ബറിന്‍റെ നിറഞ്ഞ സന്തോഷത്തിന്‍റെ രഹസ്യം മനസ്സിലാവാതെ രാജാവ് കുഴങ്ങി. രാജാവ് ഒരു ദിവസം തന്‍റെ പ്രധാനമന്ത്രിയോട് പറഞ്ഞു. “എന്‍റെ ഖജനാവില്‍ കോടികളുടെ സ്വര്‍ണ്ണവും രത്നങ്ങളുമുണ്ട്. എന്നിട്ടും ഞാന്‍ അസ്വസ്ഥനാണ്. എന്നാല്‍ വെറും ഒരു സ്വര്‍ണ്ണനാണയം ലഭിക്കുന്ന ബാര്‍ബര്‍ വളരെ സംതൃപ്തനുമാണ്. എന്താണ് അതിന്‍റെ രഹസ്യം?.”


“നാളെ ഞാന്‍ കാണിച്ചുതരാം.” പ്രധാന മന്ത്രി മറുപടി പറഞ്ഞു. അന്ന് രാത്രി പ്രധാനമന്ത്രി 99 സ്വര്‍ണ്ണനാണയം ബാര്‍ബറുടെ വീട്ടിലേക്കെറിഞ്ഞു. പിറ്റേന്ന് മുതല്‍ ബാര്‍ബര്‍ അസ്വസ്ഥനായിത്തുടങ്ങി. രണ്ടു ദിവസങ്ങള്‍ക്കു ശേഷം രാജാവ് കര്യമന്വേഷിച്ചു. അപ്പോള്‍ ബാര്‍ബര്‍ പറഞ്ഞു.:


“കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എനിക്ക് 99 സ്വര്‍ണനാണയം കളഞ്ഞുകിട്ടി. അതോടെ അത് 100 എണ്ണം ആക്കാനുള്ള ആശ ശക്തിയായി. പിറ്റേ ദിവസം ഞാന്‍ പട്ടിണികിടന്ന് അത് നൂറാക്കി. ഇപ്പോള്‍ ഞാന്‍ 200 ആക്കാനുള്ള പരിശ്രമത്തിലാണ്. പല ദിവസവും പട്ടിണിയാണ്. മനസ്സിന് ഒരു സ്വസ്ഥതയുമില്ല. . 99 സ്വര്‍ണ നാണയത്തിന്‍റെ യഥാര്‍ത്ഥ അവകാശി വന്നെത്തുമോ എന്ന വ്യാകുലതയും എന്നെ വിട്ടു മാറുന്നില്ല. ചുരുക്കത്തില്‍ എല്ലാ സാമാധാനവും പോയി.


(സിദ്ദിഖ് മുഹമ്മദ് , ഇര്‍ഫാദ് മാഗസിന്‍)


3 comments:

വിദുരര്‍ said...

നല്ല രചന. അഭിനന്ദനം. ഇതുപോലുള്ളവ തുടര്‍ച്ചയായി ഞങ്ങളുടെ മുമ്പിലെത്തിക്കുക.
(അതോടൊപ്പം ഒന്നു കൂടി സൂചിപ്പിക്കട്ടെ. മതപരമായ, സംഘടനാപരമായ വേറിട്ടുനില്‍പുകള്‍
കഴിയുന്നതും ഒഴിവാക്കാന്‍ ശ്രമിക്കണം. പറയുന്ന നല്ല കാര്യങ്ങള്‍ പലപ്പോഴും
തെറ്റിദ്ധരിക്കപ്പെടാന്‍, മറ്റുള്ളവര്‍ക്ക്‌ സ്വീകാര്യമല്ലാത്തതായി തോന്നാന്‍ കാരണം
കുറെ കള്ളികളാണ്‌.)
ഇതൊക്കെയും മനുഷ്യസമൂഹത്തിന്റെ മൊത്തം മുതല്‍കൂട്ടായി വായിക്കപ്പെടണം.

മുക്കുവന്‍ said...

good one

കടവന്‍ said...

Best കണ്ണാ...best