Sunday, April 18, 2010

മാതൃസ്നേഹത്തിന്റെ വിശുദ്ധി


മനുഷ്യ ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും പരമപരിശുദ്ധമായ സ്നേഹം മാതൃസ്നേഹമാണ്. ഒന്നും ആഗ്രഹിക്കാതെ നല്‍കുന്ന പവിത്രമായ സ്നേഹം. ഒന്നും ഒരിക്കലും തിരിച്ചുനല്‍കി വീട്ടാനാവാത്ത അനശ്വര സ്നേഹത്തിന്റെ ഔദാര്യപൂര്‍ണ്ണിമയാണ് മാതൃസ്നേഹം. സ്വന്തം തലയെടുത്ത് ഓടുമ്പോള്‍ പോലും കാല്‍തട്ടി വീഴുന്ന മകന്റെ വേദനയോര്‍ത്ത് വിലപിക്കുന്ന മാതാവിനെയാണ് മാതൃസ്നേഹത്തിന്റെ പൂര്‍ണ്ണതയായി ഭാരതീയ പൈതൃകം പറഞ്ഞുതരുന്നത്.

ഉപമകളില്ലാത്ത സ്നേഹ സാഗരമാണ് മാതാവ്. ആകാശവും കടലുമൊന്നും ആ സ്നേഹത്തോട് സാമ്യപ്പെടുത്താനാവില്ല. അത്ര ഔന്നത്യമാര്‍ന്നതും അഗാധതയേറിയതുമാണ് മാതൃസ്നേഹം. മാതാവിന്റെ കാലിനടിയിലാണ് സ്വര്‍ഗമെന്ന് പരിശുദ്ധ റസൂല്‍ (സ) പറഞ്ഞത് ആ സ്നേഹലാവണ്യത്തിന്റെ പാദസ്പര്‍ശം അത്രമാത്രം ഉയര്‍ന്നു നില്‍ക്കുന്നു എന്നതിന്റെ പ്രമാണമാണ്. ആ അനന്യ സവിശേഷതകള്‍ നോക്കി ഇങ്ങിനെ ചോദിച്ചുപോകുന്നു.
‘ഇത്ര നിര്‍മ്മലമായ
നിന്നില്‍ എങ്ങനെയാണ്
ഞാന്‍ പിറന്നത്?
ആ മഹദ്‌ഗുണങ്ങളൊന്നും
എന്നിലില്ലല്ലോ.........
നീ സമുദ്രത്തോളം
സ്നേഹം തരുമ്പോഴും
തുള്ളികള്‍ പോലും
തിരിച്ചുതരാനാവാത്തവന്‍ ഞാന്‍.
എന്നിട്ടും നീ
ആശ്ലേഷിക്കുന്നു.
എനിക്കായ് കണ്ണുനീര്‍ തൂകുന്നു.
ജന്മങ്ങള്‍ തന്നെ
തന്നാലും പകരമാവില്ലല്ലോ
നിന്റെ ഒരു തുള്ളി മിഴിനീരിന്.

(സിദ്ധിഖ് മുഹമ്മദ് , ഇര്‍ഫാ‍ദ് മാഗസിന്‍, ജനുവരി 2010)