ആ പക്ഷിയുടെ പേര്‍ ഇല്ലിയ്യില്‍ എന്നാണ്. അതാണെന്ന് അവകാശപ്പെട്ടതോ ഒരു കുറുക്കന്‍. ഈ കുറുക്കന്‍ മദ്യത്തിന് നിറം കൊടുക്കാന്‍ ചായം കലക്കിവെച്ച ഒരു മരത്തൊട്ടിയില്‍ ചെന്ന് വീണതായിരുന്നു. അവനതില്‍ അല്പനേരം മുങ്ങിക്കിടന്നു. പിന്നെ പുറത്ത് വന്നപ്പോള്‍ ശരീരമാകെ വര്‍ണ്ണശബളമായിരിക്കുന്നു.
അങ്ങിനെ അവന്‍ പറഞ്ഞു നടന്നു. “ഞാന്‍ ഏഴാം സ്വര്‍ഗ്ഗത്തിലെ ഇല്ലിയില്‍ എന്ന മയില്‍പ്പക്ഷിയാണ്."
പച്ച , ചുവപ്പ് , നീല , മഞ്ഞ , തുടങ്ങിയ മിശ്ര വര്‍ണ്ണങ്ങളില്‍ സ്വയം ദര്‍ശിച്ചും പ്രദര്‍ശിപ്പിച്ചും മറ്റു കുറുക്കന്‍മാര്‍ക്കിടയില്‍ അവന്‍ അങ്ങനെ വിലസി നടന്നു.
അവരെല്ലാം ചോദിച്ചു. “എടോ കൊച്ചു കുറുക്കാ .. നിനക്കെന്തു സംഭവിച്ചു? നീ വല്യ ഗമയിലാണല്ലോ. സന്തോഷം കൊണ്ട് നീയിങ്ങനെ മത്തുപിടിച്ചു നടക്കാന്‍ മാത്രം എന്താണുണ്ടായത്?”
അവരിലൊരു കുറുക്കന്‍ അവന്‍റെ അടുത്ത് ചെന്ന് ചോദിച്ചു. “നീ എല്ലാവരെയും വിഡ്ഢിയാക്കുകയാണോ അതോ സത്യമായും നിനക്ക് വല്ല ആള്‍ദൈവപ്പട്ടവും കിട്ടിയോ?”
അപ്പോള്‍ നീയതു കണ്ടെത്തിക്കഴിഞ്ഞു. നീ ദൈവ മാര്‍ഗ്ഗത്തിലെത്തിച്ചേര്‍ന്നിരിക്കുന്നു. എന്‍റെ വര്‍ണ്ണാഭമായ ശരീരം നോക്കൂ. .. ഞാന്‍ ലോകത്തിന്‍റെ ആരാധനാവിഗ്രഹമാണ്.
ആത്മീയ തേജസ്സാര്‍ന്ന എന്‍റെ ശരീരം കാണുന്നില്ലേ? ഈ പ്രഭാവലയം നിങ്ങളുടെ രക്ഷയാണ്. മോക്ഷമാണ്. ഞാന്‍ ദൈവാനുഗ്രഹത്തിന്‍റെ പ്രദര്‍ശനശാലയായി മാറിയിരിക്കുന്നു. അനന്തമായ അത്ഭുതക്കാഴ്ചകള്‍ നിങ്ങള്‍ എന്നിലൂടെ കണ്ടുകൊണ്ടിരിക്കും. ഇനി നിങ്ങളെന്നെ കുറുക്കന്‍ എന്ന് വിളിയ്ക്കരുത്. ഇത്രമാത്രം തേജസ്സും സൌന്ദര്യവും ഒരു കുറുക്കനുണ്ടാകുമോ?.
മെഴുകുതിരി വെട്ടത്തിലേക്ക് ശലഭങ്ങള്‍ എന്ന പോലെ കുറുക്കന്‍മാരുടെ ഒരു വന്‍ അനുയായി വൃന്ദം അവന്‍റെ ചുറ്റും കൂടി.... “ശരി .. ഇനി ഞങ്ങള്‍ അവിടുത്തെ എന്താണ് സംബോധന്‍ ചെയ്യേണ്ടത്?”.
“എന്നെ നിങ്ങള്‍ ഇലിയ്യില്‍ .... അഥവാ ഏഴാം സ്വര്‍ഗ്ഗത്തിലെ മയില്‍ എന്നു വിളിയ്ക്കൂ..”
“അതെ ഞങ്ങള്‍ അങ്ങിനെത്തന്നെ വിളിയ്ക്കാം. പക്ഷേ മയിലുകള്‍ പനിനീര്‍തോപ്പില്‍ ഇണകളോടൊത്ത് നൃത്തം ചെയ്യുമല്ലോ, അതേ പോലെ ഞങ്ങള്‍ക്ക് അങ്ങയുടെ ആനന്ദനൃത്തം ദര്‍ശിയ്ക്കണം.
പക്ഷേ ഞാന്‍ ഭൂമിയിലെ ഉദ്യാനങ്ങളില്‍ നൃത്തം ചെയ്യില്ല. എന്‍റെ നൃത്തം കാണണമെങ്കില്‍ നിങ്ങള്‍ സ്വര്‍ഗ്ഗത്തിലെത്തണം. അതിന് നിങ്ങള്‍ എന്നെ ആരാധിക്കണം.
മറ്റു കുറുക്കന്‍മാര്‍ വേറൊരു ആവശ്യം ഉന്നയിച്ചു.
എങ്കില്‍ അവിടുന്ന് മയിലിനെപ്പോലെ ഒന്നു കൂജനം ചെയ്യാമോ?.
അവിടുത്തെ ശബ്ദം ഇപ്പോഴും കുറുക്കന്‍റെത് തന്നെയാണല്ലോ!
അവന്‍ കുറുക്കന്‍ ശബ്ദത്തില്‍ തന്നെ പറഞ്ഞു. ‘അതിന്‍റെ ആവശ്യമില്ല.’
“ എങ്കില്‍ മഹാപ്രഭാവനായുള്ളവനേ , താങ്കള്‍ ഒരു മയിലല്ല , ഞങ്ങളെപ്പോലെ സാധാരണ കറുക്കന്‍ മാത്രമാണ്.”
മയില്‍ച്ചിറകുകള്‍ അതിന്‍റെ ശരീരത്തിലേക്ക് ദൈവത്തില്‍ നിന്നിറങ്ങി വന്നതാണ്. അത് കൊഴിഞ്ഞു വീണതെടുത്തണിഞ്ഞതോ നിറങ്ങള്‍ വാരി പൂശി ഉണ്ടാക്കിയതോ അല്ല. അണിയുകയും മാറുകയും ചെയ്യുന്ന രൂപങ്ങള്‍ കൊണ്ട് ചൈതന്യം സിദ്ധിക്കുന്നില്ല.
(ടി. വി. അബ്‌ദുറഹ്‌മാന്‍ , സാംസ്കാരിക പൈതൃകം മാഗസിന്‍ റൂമീ പതിപ്പ്)